uthup-varghese.jpg.image.784.410

 

കൊച്ചി∙ ഇന്റർപോൾ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പ് വർഗീസ്. ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടില്ല. വഞ്ചനാക്കുറ്റം ചുമത്തിയത് നിയമവിരുദ്ധമായാണ്. സിബിഐക്ക് സ്വയം കേസെടുക്കാനാകില്ല. തന്നെ കുടുക്കുകയായിരുന്നു. തനിക്കെതിരെ അറസ്റ്റ് വാറന്റില്ല. ഒളിവിലുമായിരുന്നില്ല, ഇപ്പോഴും നിലവിലുള്ള വാട്സ്ആപ്പ് നമ്പറിലൂടെ മനോരമ ന്യൂസിനോട് ഉതുപ്പ് വർഗീസ് പറഞ്ഞു.

പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻസിനെ കുടുക്കാൻ സിബിഐ തന്നെ കരുവാക്കിയെന്നാണ് ഉതുപ്പ് വർഗീസിന്റെ വാദം. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐയുടെ നോട്ടീസ് കണ്ടു. അതു ചെയ്യാൻ പോകുകയാണ്. സിബിഐയ്ക്കല്ല ലോക്കൽ പൊലീസിനാണ് കേസെടുക്കാൻ അധികാരം. ഇന്ത്യയിലേക്കു മടങ്ങി നിയമനടപടികൾ നേരിടും. ചോദ്യങ്ങൾക്കു മറുപടി നൽകാൻ സ്വയം ഹാജരായതാണ്, ഉതുപ്പ് വർഗീസ് കൂട്ടിച്ചേർത്തു.

അബുദാബിയിൽ ഉതുപ്പ് വർഗീസ് താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് ഇന്റർപോൾ അറസ്റ്റ്ചെയ്തു എന്നായിരുന്നു റിപ്പോർട്ടുകൾ. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ ദിവസം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതേത്തുടർന്ന് ഉതുപ്പ് രാജ്യം വിട്ടുപോകാതിരിക്കാനുള്ള നടപടികളാണ് ഇന്റർപോൾ എടുത്തതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജോലിവാഗ്ദാനം ചെയ്ത് നഴ്സുമാരിൽ നിന്ന് 19,500 രൂപയ്ക്കു പകരം 19,50,000 രൂപയാണ് ഇയാളും സ്ഥാപനമായ അൽ സറാഫയും വാങ്ങിയിരുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here