റിച്ചര്‍ഡ്‌സണ്‍ (ഡാലസ്) ടെക്‌സസ് സംസ്ഥാനത്തെ ഡാലസ് കൗണ്ടി, റിച്ചര്‍ഡ്‌സണ്‍ സിറ്റിയിലെ സ്വന്തം വീട്ടിനു സമീപത്തുനിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ ബാലിക ഷെറിന്‍ മാത്യുവിന് വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍, കുട്ടിയുടെ തിരിച്ചു വരവിനുവേണ്ടി പ്രാര്‍ഥനയോടെ കമ്യൂണിറ്റി നേതാക്കന്മാരും സുഹൃത്തുക്കളും സമീപവാസികളും. എവിടെ നിന്നാണോ ഷെറിന്‍ അപ്രത്യക്ഷയായത് ആ മരത്തിനു സമീപം തോളോട് തോള്‍ ചേര്‍ന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചപ്പോള്‍ കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ഷെറിന്‍ മാത്യുവിന്റെ വീടിനു സമീപമുള്ള മരത്തിനു ചുറ്റും ഡാലസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേര്‍ന്നവര്‍ പുഷ്പങ്ങളും പ്ലാക്കാര്‍ഡുകളും, മെഴുകുതിരിയും നിരത്തി പ്രദേശമാകെ പൂങ്കാവനമാക്കി. ഷെറിന്റെ പ്രായത്തിലുള്ള കുട്ടികളെയും കൂട്ടിയാണ് മാതാപിതാക്കള്‍ എത്തിചേര്‍ന്നത്.
‘ഷോള്‍ഡര്‍ റ്റു ഷോള്‍ഡര്‍ ഫോര്‍ ഷെറിന്‍’ നേതൃത്വം നല്‍കിയത് ഷെറിന്റെ വീടിനു സമീപത്തുള്ള ഉമ്മര്‍ സിദ്ധിക്കിയായിരുന്നു. കഴിഞ്ഞ ആറു ദിവസം ഈ വിഷയത്തില്‍ അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം നല്‍കി കൂടെയുണ്ടാരുന്ന റവ. എ. വി തോമസ് അച്ചന്റെ പ്രാര്‍ഥനയോടുകൂടെയാണ് തുടക്കം കുറിച്ചത്.

ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസ് കൗണ്‍സിലറായ ഗൗതമി വെമ്യൂല അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചു വിവരിച്ചു. എമേയ്‌സിന് ഗ്രേസ് എന്ന ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചത് ഷെറിന്റെ തിരിച്ചുവരവിനു വേണ്ടി ഹൃദയാന്തര്‍ഭാഗത്തുനിന്നും ഉയരുന്ന തേങ്ങലായി മാറി.
ഷെറിന്റെ കുടുംബാംഗങ്ങള്‍ വിജിലില്‍ നിന്നു ഒഴിഞ്ഞു നിന്നും. മകളുടെ സുരക്ഷിതമായ തിരിച്ചുവരവിനു വേണ്ടി മാതാപിതാക്കള്‍ അഭ്യര്‍ഥന നടത്തുമെന്ന പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. എല്ലാ പ്രധാന ടിവി ചാനലുകളും വിജില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയപ്പോള്‍ പവര്‍ വിഷന്‍ മാത്രമായിരുന്നു മലയാളികളെ പ്രതിനിധീകരിച്ചു എത്തിച്ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here