land-survey.jpg.image.784.410

 

തൊടുപുഴ∙ ഇടുക്കിയിലെ ഏലമലക്കാടുകള്‍ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവിലെ കയ്യേറ്റങ്ങളെ കുറിച്ച് എഡിജിപി രാജന്‍ മധേക്കറുടെ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സുപ്രീംകോടതി വിധിയും അവഗണിച്ചുകൊണ്ടാണ് 2005 വരെയുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കുന്ന നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ജൂലൈ 17നു കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പലതവണ വനഭൂമിയാണെന്നു കോടതികളില്‍ സത്യവാങ്മൂലം നല്‍കിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയായിമാറി. പുറത്താരും അറിയാതെ ജൂണ്‍ ഒന്നിന് റവന്യൂ, റവന്യൂ പുറമ്പോക്ക് ഭൂമികളിലെ 2005 വരെയുള്ള കൈയ്യേറ്റങ്ങള്‍ക്കു പട്ടയം നല്‍കാനുള്ള നിയമ ഭേദഗതിയും സര്‍ക്കാര്‍ തയാറാക്കിവച്ചു. ഈ ചട്ടഭേദഗതി വിവാദമായില്ലായിരുന്നെങ്കില്‍, ഏലമലക്കാടുകളിലെ നൂറുകണക്കിനു കയ്യേറ്റങ്ങള്‍ നിയമസാധുത നേടുമായിരുന്നു.

മൂന്നാര്‍, ദേവികളും, കണ്ണന്‍ദേവന്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ 3000 വ്യജ പട്ടയങ്ങളെങ്കിലും ഉണ്ടെന്നും സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ കൈയ്യേറപ്പെട്ടിട്ടുണ്ടെന്നുമാണ് എഡിജിപി 2004 ല്‍ എഡിജിപി രാജന്‍ മധേക്കര്‍ മൂന്നാറിനെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെ അറിയിച്ചത്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍, മതസംഘടനകള്‍, വ്യവസായികള്‍ എന്നിവരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു പാര്‍ലമെന്‍റ് അംഗവും മന്ത്രിമാരുടെ ബന്ധുക്കളും കൈയ്യേറ്റത്തില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് സുപ്രീം കോടതി പരാമര്‍ശിക്കുകയും ചെയ്തു. 2005 വരെയുള്ള കയ്യേറ്റങ്ങളെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ഏലമലക്കാടുകളെ റവന്യൂ ഭൂമിയാണെന്നു കാണിച്ചു പതിച്ചു നല്‍കാനുള്ള നീക്കം നടത്തിയതും ചട്ടഭേദഗതി കൊണ്ടു വന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here