വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ ഇന്‍ഡ്യയുടെ അയല്‍രാജ്യങ്ങളായ മ്യാന്‍മാര്‍ (പഴയ ബര്‍മ്മ), ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ശ്ലൈഹിക തീര്‍ത്ഥാടനത്തിനൊരുങ്ങുന്നു. മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ് പാപ്പ. 1986 ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം ഉള്‍പ്പെടെ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ ബംഗ്ലാദേശിലും പര്യടനം നടത്തിയിരുന്നു.

ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്‍മാറിലെ മതന്യൂനപക്ഷ വിഭാഗമായ രോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം മുതല്‍ നടക്കുന്ന പീഡനങ്ങള്‍ മാര്‍പാപ്പ ശക്തമായ ഭാഷയില്‍ അപലപിക്കുകയും, എല്ലാ മതവിഭാഗങ്ങളെയും സ്നേഹത്തിലും, പരസ്പരസഹകരണത്തിലും നയിക്കേണ്ടതിന്‍റെ ആവശ്യകത മ്യാന്‍മാര്‍ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ ബുദ്ധമതവിഭാഗക്കാരും, മതന്യൂനപക്ഷ രോഹിംഗ്യമുസ്ലിംകളൂം തമ്മില്‍ നടക്കുന്ന ഒളിപോരാട്ടം കാരണം സാധാരണ പൗരന്മാര്‍ രാജ്യംവിട്ട് സമീപസ്ഥമായ ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി ദിവസേന എത്തിക്കൊണ്ടിരിക്കുന്നു.
മ്യാന്‍മാര്‍ സുരക്ഷാസേനയും, രോഹിംഗ്യ കലാപകാരികളും തമ്മില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കൂടെക്കൂടെ നടക്കുന്ന പോരാട്ടത്തില്‍ 100 ല്‍ പരം അള്‍ക്കാര്‍ക്കു ജീവഹാനി സംഭവിച്ചിരുന്നു. 1.1 മില്യണ്‍ അംഗസംഖ്യയുള്ള രോഹിംഗ്യമുസ്ലീംസമുദായത്തിനു നേരെ ഭൂരിപക്ഷ ബുദ്ധമതവിഭാഗമായ ഭരണകഷികള്‍ നടത്തുന്ന ക്രൂരമായ പീഡനമുറകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, പീഡനത്തെ ഭയന്ന് മ്യാന്‍മാറില്‍ നിന്നും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം അവസാനിപ്പിച്ച് ആ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനും മാര്‍പാപ്പയുടെ മ്യാന്‍മാര്‍ സന്ദര്‍ശനം ഉപകരിക്കും.
മ്യാന്‍മാറിലെ മൂന്നുദിവസത്തെ പര്യടനത്തിനിടക്ക് മാര്‍പാപ്പ തലസ്ഥാനമായ നെയ് പൈ ടോ, യാംഗോണ്‍ എന്നിവ സന്ദര്‍ശിക്കും. നവംബര്‍ 27 നു യാംഗോണിലെത്തിച്ചേരുന്ന മാര്‍പാപ്പക്ക് വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പ് നല്‍കും. പിറ്റെദിവസം തലസ്ഥാനമായ നെയ് പൈ ടോ യിലെ പ്രസിഡന്‍റിന്‍റെ വസതിയില്‍ ഔദ്യോഗിക സ്വീകരണം. 28 നും 29 നും സ്റ്റേറ്റ് കൗണ്‍സലറുമായും, മ്യാന്‍മാര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. രോഹിംഗ്യ ഗ്രൂപ്പുമായി നേരിട്ട് മാര്‍പാപ്പ അഭിമുഖം നടത്തുന്നില്ലായെങ്കിലും മ്യാന്‍മാര്‍ പ്രസിഡന്‍റ് ആംഗ് സന്‍ സൂ കൈ ഉള്‍പ്പെടെയുള്ള സിവിലിയന്‍ ഭരണകൂടത്തെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ രോഹിംഗ്യ പ്രശ്നവും ഉന്നയിക്കും.
നവംബര്‍ 29 നു അര്‍പ്പിക്കപ്പെടുന്ന പൊതുദിവ്യബലിക്കുശേഷം ബുദ്ധമതക്കാരുടെ സുപ്രീംകൗണ്‍സിലിനെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ മ്യാന്‍മാറിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച്ച നടത്തും. നവംബര്‍ 30 നു യുവജനങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നാലുദിവസത്തെ മ്യാന്‍മാര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പോകും.

നവംബര്‍ 30 നു ഡാക്ക വിമാനത്താവളത്തിലെ വരവേല്‍പ്പിനുശേഷം മാര്‍പാപ്പ ബംഗ്ലാദേശിലെ രക്തസാക്ഷികള്‍ക്കും, രാഷ്ട്രപിതാവിനും ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസംബര്‍ 1 നു അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിമധ്യേ പുതുതായി സെമിനാരി പഠനം പൂര്‍ത്തിയാക്കിയ യുവവൈദികര്‍ക്കു തിരുപ്പട്ടം നല്‍കും. തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിക്ക് ഹസീനാ, രാജ്യത്തെ ബിഷപ്പുമാര്‍, യുവജനങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അതോടൊപ്പം എല്ലാ മതവിഭാഗങ്ങളുടെയും ആത്മീയ നേതൃത്വവുമായി സംവദിക്കും.

ശ്ലൈഹികതീര്‍ത്ഥാടനത്തിന്‍റെ അവസാനദിവസമായ ഡിസംബര്‍ 2 നു ഫ്രാന്‍സിസ് മാര്‍പാപ്പ വി. മദര്‍ തെരേസായുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥമന്ദിരവും, സെമിനാരിയും സന്ദര്‍ശിക്കും.
തിര്‍ത്ഥാടനത്തിന്‍റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here