fishing-boat.jpg.image.784.410

കോട്ടയം∙ കടൽവഴിയുള്ള നുഴഞ്ഞുകയറ്റം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മത്സ്യബന്ധനബോട്ടുകളെ നീരീക്ഷിക്കാനും അപകടത്തിൽപ്പെട്ടാൽ രക്ഷിക്കുന്നതിനുമുള്ള വെസൽ ട്രാക്കിങ് സംവിധാനം വരുന്നു. കൊല്ലം ജില്ലയിലെ 300 യന്ത്രവത്കൃത ബോട്ടുകളിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. കെൽട്രോണിന്റെയും സിഡിറ്റിന്റെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

പ്രത്യേക അടയാളവും കൊടിയുമാണ് ബോട്ടുകളെ തിരിച്ചറിയാനുള്ള ഇപ്പോഴത്തെ ഏക മാർഗ്ഗം. ബോട്ടുകളെ നിരീക്ഷിക്കുന്നതിന് പ്രത്യക സംവിധാനം ഏർപ്പെടുത്തണമെന്ന് നേവിയും തീരസംരക്ഷസേനയും വർഷങ്ങൾക്ക് മുൻപേ ആവശ്യപ്പെടുന്നതാണ്. ജിപിഎസ് ഉപകരണം ഘടിപ്പിക്കാത്ത ബോട്ടുകളെ നിരീക്ഷിക്കുന്നത് സുരക്ഷാ സേനകൾക്കും തലവേദനയായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ബോട്ട് ഏതു ഭാഗത്താണെന്ന് കൺട്രോൾ റൂമിന്റെ സഹായത്തോടെ കൃത്യമായി കണ്ടെത്താനാകും.

ജിപിഎസിന്റെ സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിക്കുന്നത്. ബോട്ടിൽ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണത്തിലുള്ള സിമ്മിന്റെ സഹായത്തോടെ കൺട്രോൾ റൂമിലുള്ളവർ ബോട്ട് എവിടെയെന്ന് കണ്ടെത്തും. നാലായിരം മുതൽ എണ്ണായിരം രൂപവരെയാണ് ഉപകരണത്തിന്റെ വില. ഇതിന്റെ ഐപി കവറിങിന് പ്രത്യേക വില ഈടാക്കുന്നുണ്ട്.-കെൽട്രോൺ അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

എം.എസ് ആക്ട് (മെർച്ചന്റ് ഷിപ്പിങ് അക്ട്) പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യബന്ധനബോട്ടുകളിൽ മാത്രമേ സംവിധാനം കൊണ്ടുവരൂ. ബോട്ടുടമകൾ ഗുണഭോക്തൃവിഹിതമായ 2600 രൂപ ഫിഷറീസ് വകുപ്പിൽ അടയ്ക്കണം. ഈ മാനദണ്ഡം പാലിക്കുന്ന ആദ്യ 300 ബോട്ടുകളിൽ സംവിധാനം ഏർപ്പെടുത്തും. വിജയകരമായാൽ എല്ലാ ബോട്ടുകളിലും നടപ്പിലാക്കും-ഫിഷറീസ് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

ഫിഷറീസ് വകുപ്പിന് 6000 രൂപയ്ക്ക് ഉപകരണം നൽകാമ‌െന്നാണ് കെൽട്രോൺ അറിയിച്ചിരിക്കുന്നത്. കെൽട്രോണിന്റെ നിർദേശം സർക്കാർ അംഗീകരിച്ചാൽ രണ്ടുമാസത്തിനുള്ളിൽ ബോട്ടുകളിൽ ഉപകരണം ഘടിപ്പിച്ചുതുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here