ന്യൂജേഴ്‌സി: ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും ആരംഭിച്ച കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്തെ കണ്‍വന്‍ഷന് ഇനി ന്യൂജേഴ്‌സിയില്‍ നടക്കും. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ കാല കണ്‍വന്‍ഷനുകളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളും എല്ലാം തന്നെ, മറ്റ് മലയാളി സംഘടനകള്‍ക്ക് എല്ലാ കാലവും മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. തുടര്‍ന്നും ഇതു പോലെയുള്ള പ്രവര്ത്താനങ്ങളോടൊപ്പം, പൈതൃകമായി നമ്മുക്ക് ലഭിച്ച ഭാരതീയ സംസ്കാരങ്ങള്‍ അടുത്ത തലമുറയിലേക്ക് എത്തിക്കുവാനും സാമ്പത്തികമായി സംഘടനക്ക് ഒരു ഉറച്ച അടിത്തറ പാകുവാനും ആയിരിക്കും ന്യൂജേഴ്‌സിയില്‍ നടക്കുന്ന കേരള ഹിന്ദുസ് ഓഫ് നോര്ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണന നല്കുക.

പത്താമത്തെ കണ്‍വന്‍ഷനായുള്ള ഔദ്യോഗിക രേഖകള്‍ കൈമാറുന്ന സമ്മേളനം നവംബര്‍ 11 ന് ന്യൂജേര്‌സി പ്രന്‍സ്റ്റണിലെ ഡബിള്‍ട്രീ ഹില്‍ട്ടണില്‍ വച്ച് രാവിലെ ഗണപതി പൂജകള്‍ക്കു ശേഷം പത്ത് മണിക്ക് ആരംഭിക്കും. തഥവസരത്തില്‍ ആത്മീയ, സാമൂഹിക, സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും മുന്‍ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കും. അതുപോലെ ട്രസ്റ്റി ബോര്ഡ് ചെയര്‍മാനും വൈസ് ചെയര്‍മാനും അടക്കം ട്രസ്റ്റി ബോര്ഡിലെ പ്രമുഖ നേതാക്കന്മാരും പങ്കെടുക്കും. തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്റെ അധ്യക്ഷതയില്‍ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന മഹാ സമ്മേളനത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങളായ സുരേന്ദ്രന്‍ നായര്‍, രാജേഷ് കുട്ടി, സുദര്‍ശന കുറുപ്പ് എന്നിവരും പുതിയ പ്രസിഡന്റ്‌ഡോ. രേഖാ മേനോന്‍, വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെയാര്‍കെ, ജോയിന്റ് ട്രഷറര്‍ രമ്യാ അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.

സങ്കുചിതമായ ജാതി ചിന്തകള്‍ക്കും പ്രാദേശിക താല്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ സമസ്ത ഹിന്ദു കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു മഹാ സമ്മേളത്തിനാണ് തന്റെ നേതൃത്വത്തിലുള്ള നേതൃനിര ലക്ഷ്യമാക്കുന്നത് എന്ന് ഡോ രേഖാ മേനോന്‍ അഭിപ്രായപ്പെട്ടു. മികച്ച രീതിയില്‍ ആണ് കഴിഞ്ഞ ഒമ്പത് കണ്‍വന്‍ഷനുകളും നടത്താന്‍ കഴിഞ്ഞെങ്കിലും ചില കണ്‍വന്‍ഷനുകളിലെ പരിപാടികളിലെ പാളിച്ചമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മേലിലുള്ള കണ്‍വന്‍ഷനുകളില്‍ ഉണ്ടാകാതിരിക്കാന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ തൂക്കം കൂട്ടണം എന്ന് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു കുടുംബാന്തരീഷവും ഭാരതീയ പൈതൃകവും വൈദിക ധര്‍മ്മം അടിസ്ഥാനമാക്കിയ പഠനവും നമ്മുടെ അടുത്ത തലമുറയില്‍ എത്തിക്കുവാന്‍ പ്രത്യേക പരിപാടികള്‍ കണ്‍വന്‍ഷവന്റെ ഭാഗമായി ഉടനെ ആരംഭിക്കും എന്ന് കൃഷ്ണരാജ് മോഹനനും, “നര സേവ നാരായണ സേവാ’ എന്ന ആപ്തവാക്യം മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍ എ യുടെ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ സ്‌കോളര്ഷിപ്പുകള്‍ കേരളത്തിലെ നിരാലംബരും നിര്‍ധനരുമായി ഹൈന്ദവ കുട്ടികള്‍ക്കായി നല്‍കുനും പുതിയതായി കൂടുതല്‍ സേവാ പദ്ധതികള്‍ തുടങ്ങുവാനും തീരുമാനിച്ചതായി വിനോദ് കെയാര്‍കെയും അറിയിച്ചു. നവംബറില്‍ പ്രിന്‍സ്റ്റണിലെ ഡബിള്‍ട്രീ ഹില്‍ട്ടണില്‍ നടക്കുന്ന പത്താമത് കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കുവാനും ഇതൊരു വന്‍ വിജയമാകുവാനും എല്ലാ ഹൈന്ദവ വിശ്വാസികളെയും ക്ഷണിക്കുന്നതായി രമ്യാ അനില്‍കുമാര്‍ അറിയിച്ചു.

രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here