psc.jpg.image.784.410

തിരുവനന്തപുരം∙ പിഎസ്‌സി സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂയെന്ന് ധനമന്ത്രി കെ.എം.മാണി. പിഎസ്‌സിയുടെ ധനവിനിയോഗം പരിശോധിക്കാൻ സർക്കാരിന് അവകാശമുണ്ട്. സർക്കാർ ഫണ്ട് നൽകുന്ന ഏതു സ്ഥാപനത്തിലും ധനകാര്യ വിഭാഗത്തിനു പരിശോധന നടത്താം. പിഎസ്‌സിക്കുമേൽ ട്രഷറി നിയന്ത്രണമില്ല. ‌‌നിയമവിരുദ്ധമായി പണം ചെലവഴിക്കുന്നു എന്ന ആരോപണം നേരിടുന്ന പിഎസ്‌സിയെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വെറുതെ വിടാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

നിയമവിധേയമായി മാത്രമെ പിഎസ്‌സി പ്രവര്‍ത്തിക്കാവൂ എന്ന തീരുമാനം മാറ്റാനാവില്ലെന്ന് ചീഫ് സെക്രട്ടറിയും അഡിഷണല്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. പിഎസ്‌സിയിലെ പണം ഇടപാടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു മൂന്നു പരാതികളാണ് സര്‍ക്കാരിനു ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തു. കംപ്യൂട്ടര്‍ വാങ്ങിയത്, ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ടിഎ, യോഗം ചേരല്‍ തുടങ്ങിയവ ചട്ടവിരുദ്ധമായാണ് നടന്നതെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ചീഫ് സെക്രട്ടറിയാണ് ഫയലില്‍ എഴുതിയത്. ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.

നിയമ വകുപ്പ് ഇതു പരിശോധിക്കുകയും ചട്ടങ്ങള്‍ അനുസരിച്ചു ധനകാര്യ പരിശോധാ വിഭാഗത്തിന്‍റെ പരിശോധന ആകാമെന്നു നിയമോപദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയും ധനമന്ത്രിയും ഫയല്‍ അംഗീകരിച്ച് ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പിഎസ്‌സിയുടെ കണക്കുകൾ അവലോകനം ചെയ്യുന്നതിനു പരിശോധനാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത് പിഎസ്‌സി അനുവദിച്ചില്ല.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ചട്ടങ്ങളെല്ലാം ഇളവു ചെയ്ത് പിഎസ്‌സിയെ തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭരണഘടനാസ്ഥാപനമാണെങ്കിലും നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here