Yakub-Memon2.jpg.image.784.410

 

ന്യൂഡൽഹി∙ 1993 മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ച സുപ്രീംകോടതി ജഡ്ജിക്ക് ഭീഷണിക്കത്ത്. ജഡ്ജി ദീപക്ക് മിശ്രയുടെ വീട്ടിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എത്രമാത്രം സുരക്ഷ നിങ്ങൾക്ക് ഒരുക്കിയാലും ഞങ്ങൾ നിങ്ങളെ അവസാനിപ്പിക്കുമെന്നാണ് കത്തിലുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാം പ്രതി യാക്കൂബ് അബ്‌ദുൽ റസാഖ് മേമന്റെ ഹർജി ദീപക് മിശ്രയടങ്ങിയ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. മേമൻ നൽകിയ ദയാഹർജി രണ്ടാമതും രാഷ്ട്രപതി തള്ളിയതോടെ യാക്കൂബിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ രാത്രിയിൽ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോൻ മാർഗ് അഞ്ചാം നമ്പർ വീട്ടിലായിരുന്നു ഹർജി പരിഗണിച്ചത്. രാത്രി ഒന്നോടെ ഹർജി ജഡ്ജി ദീപക് മിശ്രയുടെ പരിഗണനയ്ക്കു വിടുന്നതായി ചീഫ് ജസ്റ്റിസിന്റെ ഓഫിസിൽനിന്ന് അഭിഭാഷകരെ അറിയിച്ചു.

ഹർജിയിൽ പുലർച്ചെ 2.15ന് സുപ്രീം കോടതിയിൽ തന്നെ വാദം കേൾക്കാമെന്ന തീരുമാനം ജഡ്ജി മിശ്ര രണ്ടോടെ അഭിഭാഷകരെ അറിയിച്ചു. 3.20 ന് വാദം തുടങ്ങി. 4.20ഒാടെ വധശിക്ഷ ശരിവച്ചുകൊണ്ട് അവസാന വിധി വന്നു. അർധരാത്രിക്കുശേഷം വാദം കേൾക്കുക എന്ന നീതിന്യായ ചരിത്രത്തിലെ തന്നെ അപൂർവ നടപടി കൂടിയായിരുന്നു ഇത്.

അതേസമയം, അനുജൻ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗർ മേമൻ വീട്ടുകാരെ അറിയിച്ചു. മുംബൈയിലെ വീട്ടിൽ ഫോൺ വിളിച്ചാണ് ടൈഗർ മേമൻ ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here