ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 100 സൗജന്യയാത്രകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജീവിത മര്യാദകള്‍ ലംഘിച്ചെന്നു കോണ്‍ഗ്രസ്. റിലയന്‍സ്! മുതല്‍ അദാനി ഗ്രൂപ്പ് വരെയുള്ളവരുടെ വിമാനങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും മോദി യാത്ര ചെയ്‌തെന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയാണു കുറ്റപ്പെടുത്തിയത്.

2002 മുതല്‍ 2007 വരെയായിരുന്നു യാത്രകള്‍. ആരും സൗജന്യമായി വിരുന്നു നല്‍കില്ല. സൗജന്യയാത്ര നല്‍കിയവര്‍ക്കു ഭരണാധികാരിയില്‍നിന്നു പ്രതിഫലം ലഭിച്ചിരിക്കണം. സര്‍ക്കാരിന്റെ നയതീരുമാനങ്ങളുടെ ഗുണഫലം അനുഭവിച്ച വ്യവസായികളുടെ നന്ദിപ്രകടനമായിരുന്നിരിക്കാം ഇത് – സിങ്‌വി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌ര ആയുധവ്യാപാരിയില്‍നിന്നു 10 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റ് കൈപ്പറ്റിയെന്നു വാര്‍ത്ത വന്ന സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സ്വകാര്യ വ്യക്തിയായ വാധ്‌രയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചുകൊള്ളും. എന്നാല്‍, സൗജന്യയാത്രകള്‍ നടത്തിയ മോദി പൊതുസമൂഹത്തിനു വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണ്. 500 രൂപയിലേറെ വിലയുള്ള സമ്മാനങ്ങള്‍ വാങ്ങിയാല്‍ അക്കാര്യം മുഖ്യമന്ത്രിമാര്‍ വെളിപ്പെടുത്തേണ്ടതുണ്ടെന്നു സിങ്‌വി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here