കോട്ടയം:കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വര്‍ധന ചര്‍ച്ച ചെയ്യാന്‍ വ്യവസായ ബന്ധസമിതി ഇന്നു ചേരും. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള വര്‍ധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി ഉടമകള്‍. ഇനിയും തീരുമാനം വൈകിയാല്‍ സമരത്തിലേയ്ക്ക് പോകുമെന്നാണ് നഴ്‌സുമാരുടെ മുന്നറിയിപ്പ്.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വര്‍ധനയടക്കം ചര്‍ച്ച ചെയ്യാനാണ് വ്യവസായബന്ധസമിതി ചേരുന്നത്. സര്‍ക്കാര്‍ വേതനത്തിനു തുല്യമായ ശമ്പളം സ്വകാര്യ ആശുപത്രികളിലും നല്കണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗ്ധ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.

അഭിപ്രായ സമന്വയമുണ്ടായില്ലങ്കില്‍ തൊഴില്‍ വകുപ്പിടപെട്ട് അന്തിമ തീരുമാനമെടുക്കേണ്ടിവരും. മാനേജ്‌മെന്റുകളുടെ വിയോജനക്കുറിപ്പോടെ ലേബര്‍ കമ്മിഷണര്‍ വിദഗ്ധസമിതി ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് സൂചന. തുടര്‍ന്ന് സര്‍ക്കാരിന് ശുപാര്‍ശകള്‍ മിനിമം വേജസ് കമ്മിറ്റിക്കു വിടുകയോ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കുകയോ ചെയ്യാന്‍ കഴിയും. ശമ്പള പരിഷ്‌കരണ തീരുമാനം ഇനിയും വൈകിയാല്‍ സമരത്തിലേക്കു പോകുമെന്ന മുന്നറിയിപ്പ് നഴ്‌സുമാരും നല്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here