ഒട്ടാവ: മദര്‍ തെരേസാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തി. തൃശൂര്‍ ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ബഹു. ബെന്നി പീറ്റര്‍ അച്ചന്‍ നേതൃത്വം നല്‍കിയ ധ്യാനം ഒക്‌ടോബര്‍ 13-നു വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് അവസാനിച്ചു. ബെന്നി അച്ചനോടൊപ്പം അമേരിക്കയിലുള്ള ക്വീന്‍ മേരി മിനിസ്ട്രീസ് ഡയറക്ടര്‍ ബ്ര. ഡൊമിനിക്കും വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. യുവജനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയ ധ്യാനം ബ്ര. മാത്യു ജോസഫ് നയിച്ചു.

അനുദിന ഹൃദയവിശുദ്ധി ക്രൈസ്തവ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്നും, യോഗ്യതയോടുകൂടിയ വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ മാത്രമേ ഈശോ വാഗ്ദാനം ചെയ്ത രക്ഷ സ്വന്തമാകുകയുള്ളുവെന്നും വചനശുശ്രൂഷകര്‍ പ്രഭാഷണങ്ങളില്‍ ഓര്‍മ്മിപ്പിച്ചു. ധ്യാന ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും വിശ്വാസ സമൂഹത്തിന് ആത്മാഭിഷേകത്തിന്റെ പുത്തന്‍ ഉണര്‍വ് പകപര്‍ന്നു.

സമാപന ദിവസമായ ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക് അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് മുഖ്യ കാര്‍മികനായിരുന്നു.ദിവ്യകാരുണ്യ ആരാധനയ്ക്കിടയില്‍ നടന്ന കൈവയ്പു ശുശ്രുഷയില്‍ അഭിവന്ദ്യ മര്‍ ജോസ് കല്ലുവേലില്‍ പിതാവും, ബഹു. ബെന്നി പീറ്റര്‍ അച്ചനും, വികാരി ബഹു. ബോബി മുട്ടത്തുവാളായില്‍ അച്ചനും വിശ്വാസികളുടെ ശിരസ്സില്‍ കൈകള്‍ വച്ചു പ്രാര്‍ത്ഥിച്ചു. ആത്മപരിശോധനയ്ക്കും ആത്മനവീകരണത്തിനും അവസരം ലഭിച്ചതിന്റെ നന്ദിയില്‍ വിശ്വാസികള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങി.

വാര്‍ഷിക ധ്യാനത്തിന് ദൈവീക സംരക്ഷണം ലഭിക്കുവാനായി ജൂണ്‍ മാസം മുതല്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനയും, മുപ്പത്തിമൂന്നു ദിവസത്തെ അനുദിന ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു. ബഹു. വികാരി ഫാ. ബോബി മുട്ടത്തുവാളായില്‍, കൈക്കാരന്‍ ജേക്കബ് ജയിംസ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന പാരീഷ് കൗണ്‍സിലും ധ്യാന നടത്തിപ്പിനായി രൂപംകൊടുത്ത എട്ട് അംഗ കമ്മിറ്റിയും ധ്യാന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.syromalabarottawa.ca
ഫേസ്ബുക്ക് പേജ്: https://www.facebook.com/ottawasyromalabar/

LEAVE A REPLY

Please enter your comment!
Please enter your name here