തിരുവനന്തപുരം:വികസനം സംബന്ധിച്ച സംവാദങ്ങളില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ഒളിച്ചോടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിഷയത്തില്‍ സംവാദത്തിനു തയ്യാറുണ്ടോ എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വെല്ലുവിളി കേരളം സര്‍വാത്മനാ ഏറ്റെടുത്തിട്ടുണ്ട്. ആ സംവാദത്തിനു അമിത് ഷായെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്നുണ്ടാകുന്നത് എന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രപതിയും നിരവധി കേന്ദ്ര മന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ചു ഇവിടെ വന്ന് മതിപ്പു പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എം എല്‍ എക്കോ ഇവിടെ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗത്തിനോ കേരളം നേടിയ പുരോഗതിയെക്കുറിച്ച് സംശയം ഇല്ല എന്നുമാത്രമല്ല, അവര്‍ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് ഈ സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങള്‍ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബി ജെപി സംസ്ഥാന അധ്യക്ഷന്‍ തയാറാകണമെന്നാണ് പിണറായി ആവശ്യപ്പെട്ടത്.
പതിനഞ്ചു ദിവസം നടത്തിയ ജനരക്ഷാ യാത്ര, കേരളത്തെക്കുറിച്ച് ബിജെപി നടത്തിയ കുപ്രചാരണങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിച്ചു കൊണ്ടാണ് അവസാനിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ക്ഷണിച്ചു കൊണ്ടുവന്ന നേതാക്കള്‍ക്ക് കേരളത്തിന്റെ ശാന്തിയും ക്രമസമാധാന ഭദ്രതയും പുരോഗതിയും ബോധ്യപ്പെടുന്ന അനുഭവമാണ് ഉണ്ടായത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടികള്‍ ഉണ്ടാകുമ്പോള്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധവും അറസ്റ്റുകളും മറ്റും കൊണ്ടാണ് നേരിടാറുള്ളത്. ഇവിടെ അത്തരം ഒരു നടപടിയുമില്ലാതെ സമാധാനപരമായി ഈ പ്രകോപനയാത്രക്കു പോലും കടന്നു പോകാന്‍ കഴിഞ്ഞു. കേരള സര്‍ക്കാരിന്റെയും ജനതയുടെയും ഉന്നതമായ നിലവാരമാണ് അതില്‍ പ്രകടമായത്.
വികസന ചര്‍ച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. ശ്രീ, കുമ്മനത്തിന്റെ യാത്രയില്‍ കേരളത്തിന്റെ വികസനത്തെ കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് അറിയാന്‍ താല്പര്യമുണ്ട്. ഒന്നും പറഞ്ഞിട്ടില്ല എന്നാണു മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളം ഇന്ന് നേരിടുന്നത് ഇതുവരെ നേടിയ പുരോഗതി സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളിയല്ല അടുത്ത തലത്തിലേക്ക് അതിനെ ഉയര്‍ത്തേണ്ടതിന്റെ വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ആദ്യ താരതമ്യത്തില്‍ തന്നെ അത് മനസ്സിലാകും. കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാന്‍ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് ശ്രീ കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് പിണറായി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here