തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കെ.പി.സി.സി പട്ടികയില്‍ മാറ്റം വരുത്താന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. പുതിയ പട്ടിക എത്രയും വേഗം ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മാനദണ്ഡങ്ങള്‍ പരമാവധി പാലിച്ച് പട്ടിക തയ്യാറാക്കുമ്പോള്‍ പലരെയും ഒഴിവാക്കേണ്ടിവരുന്നത് പ്രശ്‌നത്തിനിടയാക്കുമെന്ന ആശങ്ക ഗ്രൂപ്പുകള്‍ക്കുണ്ട്.

വനിതകള്‍ക്ക് 33 ശതമാനം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം. ഹൈക്കമാന്‍ഡിന്റെ ഈ മാനദണ്ഡങ്ങള്‍ക്കു മുന്നില്‍ തലപുകയ്ക്കുകയാണ് ഗ്രൂപ്പുകള്‍. പത്തുശതമാനം വനിതകളെയെങ്കിലും ഉള്‍പ്പെടുത്താന്‍ ധാരണയായി. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള വനിതകളെ കണ്ടെത്താനും ശ്രമം നടക്കുന്നു. പരമാവധി ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചു തന്നെയാകും പട്ടിക പുനഃക്രമീകരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും രണ്ടുപേരെ വച്ച് ഒഴിവാക്കി പുതിയ ആള്‍ക്കാരെ കൊണ്ടുവരാനാണ് ശ്രമം. നേതാക്കള്‍ തമ്മില്‍ ഫോണിലാണ് ആശയവിനിമയം നടക്കുന്നത്.
282 പേരുടെ പട്ടികയില്‍ പരമാവധി 30 പേരുടെ കാര്യത്തിലേ മാറ്റത്തിന് സാധ്യതയുള്ളു. പട്ടിക ഹൈക്കമാന്‍ഡിനെ വീണ്ടും ചൊടിപ്പിക്കാതിരിക്കാനുള്ള ജാഗ്രത ഗ്രൂപ്പുകള്‍ക്കുണ്ട്. ലിസ്റ്റില്‍ മാറ്റംവരുത്താന്‍ കാണിച്ച വൈമനസ്യത്തെ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കലായി വ്യാഖ്യാനിക്കരുതെന്നും ഇരു ഗ്രൂപ്പുകളും പറയുന്നു. എങ്കിലും പ്രശ്‌നങ്ങള്‍ ബാക്കിയാണ്. ആദ്യപട്ടികയെ ശക്തമായി എതിര്‍ത്ത എം.പിമാരുടെയും ഗ്രൂപ്പിനതീതരായവരുടെയും ആവശ്യങ്ങളും കൂടി പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ വീണ്ടും ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയെത്തും. ആദ്യ പട്ടികയില്‍ നിന്ന് ഒഴിവാകുന്നവരുടെ പ്രതിഷേധം വെറെ.

 

LEAVE A REPLY

Please enter your comment!
Please enter your name here