ന്യൂഡല്‍ഹി: ഓര്‍മയില്ലേ നിര്‍ഭയയെ. രാജ്യതലസ്ഥാനത്ത് ഓടുന്ന ബസില്‍ ക്രൂരപീഢനത്തിനിരയായി മരണത്തിനുകീഴടങ്ങിയ നിര്‍ഭയയെ ഉപയോഗിച്ച് അധികാരത്തിലെത്തിയവര്‍ പോലും ഒടുവില്‍ അവള മറന്നു. അവളുടെ ഓര്‍മകള്‍ സമ്മാനിച്ച വേദനകളുടെ മുറിപ്പാടുകളില്‍നിന്നു പുതുജീവിതത്തിന്റെ ആകാശങ്ങളിലേക്കു പ്രതീക്ഷയോടെ കടന്നെത്തുകയാണ് ഒരു യുവാവ്; രാജ്യത്തിന്റെ തീരാനൊമ്പരമായി മാറിയ നിര്‍ഭയയുടെ സഹോദരന്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍നിന്നു (ഐജിആര്‍യുഎ) പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് എല്ലാ സഹായവും നല്‍കിയതാകട്ടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഇക്കാര്യം പുറത്തറിയുന്നതു രാഹുല്‍ വിലക്കിയിരുന്നെങ്കിലും നിര്‍ഭയയുടെ അമ്മയെ സന്ദര്‍ശിച്ച വിദേശമാധ്യമ പ്രതിനിധിയിലൂടെയാണു വാര്‍ത്ത പുറത്തുവന്നത്.

ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ രണ്ടു സഹോദരന്‍മാരില്‍ മൂത്തയാളാണു പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2012ലെ കറുത്തദിനങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സഹോദരന്‍. പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ മൂന്നു വര്‍ഷം മാത്രം തടവുശിക്ഷ വിധിച്ചതിനെതിരെ യുവാവു പ്രകടിപ്പിച്ച രോഷം മാധ്യമശ്രദ്ധ നേടിയിരുന്നു. മകനു പൈലറ്റ് പഠനത്തിനു പ്രവേശനം നേടിക്കൊടുത്തതും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്തതും രാഹുല്‍ ഗാന്ധിയാണെന്നു വ്യക്തമാക്കിയ നിര്‍ഭയയുടെ അമ്മ ആശാ ദേവി, ആ വലിയ മനസ്സിന് നന്ദി പറയുന്നു. ഇളയമകന്‍ പുണെയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്ന നിര്‍ഭയയുടെ പിതാവ് ബി.എന്‍.സിങ്ങിനു പിന്നീടു ജോലി സ്ഥിരപ്പെടുത്തി നല്‍കി. നിര്‍ഭയയുടെ കുടുംബത്തിനു ചെയ്യുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയരുതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here