തിരുവനന്തപുരം: ജനജാഗ്രതാ യാത്രയ്ക്കിടെ സര്‍ക്കാരിനെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ശാസനയേറ്റുവാങ്ങിയെങ്കിലും പിണറായി സര്‍ക്കാരിനു മന്ത്രി തോമസ് ചാണ്ടി കീറാമുട്ടിയായി തുടരുകയാണ്. അഴിമതിക്കാരനായ ചാണ്ടിയെ പിണറായി സംരക്ഷിച്ചതിന്റെ കൂലിയാണിതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് പരസ്യമായാണ് ചാണ്ടി വെല്ലുവിളിച്ചത്. ഇടതിന്റെ ജനജാഗ്രതാ ജാഥ കുട്ടനാട്ടില്‍ എത്തിയപ്പോണ് കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി ഇങ്ങനെ വെല്ലുവിളിച്ചത്. പ്രതിപക്ഷത്തേയും കണക്കിനു പരിഹസിച്ചുകൊണ്ടും വെല്ലുവിളി നടത്തി.

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുഴി കുത്തിച്ചാടാന്‍ ശ്രമിക്കുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു. ജനജാഗ്രതാ യാത്രയ്ക്കിടെ ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെയാണ് തോമസ് ചാണ്ടി വെല്ലുവിളി നടത്തിയത്.

തന്റെ കൈയേറ്റം തെളിയിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു വെല്ലുവിളി. 42 പ്ലോട്ടുകള്‍ കൂടിയുണ്ടെന്നും അവയും നികത്താന്‍ മടിക്കില്ലെന്നും ചാണ്ടി പറഞ്ഞതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു. ചാണ്ടിയുടെ പ്രസ്താനവയ്‌ക്കെതിരെ കാനവും രംഗത്തെത്തിയിരുന്നു. എന്നാല്‍, തോമസ് ചാണ്ടിയുടെ കൈയേറ്റമോ ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടോ ഇന്നലെ നടന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here