kalluvelil-cake-cutting.jpg.image.784.410

മിസ്സിസാഗ∙ കാനഡയിലെ സിറോ മലബാർ സഭാ വിശ്വാസികൾക്ക് പുത്തനുണർവ് പകർന്ന് ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്സാർക്കേറ്റ് പ്രഖ്യാപനം. ടൊറന്റോ സെന്റ് തോമസ് മിഷൻ വികാരി റവ. ഡോ. ജോസ് കല്ലുവേലിലിനെ എക്സാർക്ക് ആയി പ്രഖ്യാപിച്ചത് ആവേശം ഇരട്ടിയാക്കി. പ്രാദേശിക സമയം രാവിലെ പത്തു മണിയോടെ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം മിഷൻ ഹൗസിൽ രാവിലെ കുർബാനയ്ക്കായി ഒത്തുചേർന്ന വിശ്വാസിസമൂഹത്തെ അറിയിച്ചത്. സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടും സന്നിഹിതനായിരുന്നു. എക്സാർക്കിയേറ്റിന്റെ ഉദ്ഘാടനവും നിയുക്ത മെത്രാന്റെ സ്ഥാനാഭിഷേകവും സംബന്ധിച്ച പ്രഖ്യാപനങ്ങൾ പിന്നാലെയുണ്ടാകും.

ഇതോടെ കാനഡയിലെ സിറോ മലബാർ സഭായുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാനുള്ള നിയോഗമാണ് മിസ്സിസാഗയിലെ നിയുക്ത എക്സാർക്ക് റവ. ഡോ. ജോസ് കല്ലുവേലിലിൽ നിക്ഷിപ്തമാകുന്നത്. ടൊറന്റോ സെന്റ് തോമസ് സിറോ മലബാർ മിഷന്റെ ഭാഗമായുള്ള ഈസ്റ്റ്, വെസ്റ്റ് റീജനുകൾക്ക് സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള മുഹൂർത്തം അടുത്തെത്തിനിൽക്കെയാണ് പുതിയ പ്രഖ്യാപനമെന്നതും മറ്റൊരു നാഴികക്കല്ലാകുന്നു. സ്വന്തമായ ദേവാലയത്തിനായുള്ള ഏറെക്കാലത്തെ അധ്വാനത്തെ അതിവേഗം, ബഹുദൂരം ലക്ഷ്യപ്രാപ്തിയിലേക്കെത്തിച്ചത് രണ്ടുവർഷം മുൻപു വികാരിയായി ചുമതലയേറ്റ റവ. ഡോ. ജോസ് കല്ലുവേലിലിന്റെകൂടി പ്രയത്നത്തിലാണ്. വിശ്വാസസമൂഹം ഒന്നടങ്കം ഈ പ്രഖ്യാപനത്തെ ആഹ്ളാദപൂർവം വരവേറ്റതും അർഹതയ്ക്കുള്ള അംഗീകാരമായി ഈ നിയമനം മാറുന്നതും ഇതുകൊണ്ടുകൂടിയാണ്.

കോട്ടയം കുറവിലങ്ങാട് തോട്ടുവയിൽനിന്നു ആറു പതിറ്റാണ്ടു മുൻപു പാലക്കാട് രൂപതയിലെ ജെല്ലിപ്പാറയിലേക്കു കുടിയേറിയ കല്ലുവേലിൽ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് റവ. ഡോ. ജോസ് കല്ലുവേലിൽ. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനുശേഷം 1984 ഡിസംബർ 18ന് ആണ് വൈദികപട്ടം സ്വീകരിച്ചത്. അഗളി, കുറുവൻപാടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രൽ, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുക്കുംപാറ ഇടവകകളിൽ വികാരിയും അഗളിയിലും താവളത്തും ബോയ്സ് ഹോമുകളുടെ ചുമതലക്കാരനുമായിരുന്നു. എപ്പാർക്കിയൽ പാസ്റ്ററൽ സെന്റർ, കെസിഎസ്എൽ എന്നിവയുടെ ഡയറക്ടറുമായിരുന്നു. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ റവ. ഡോ. ജോസ് കല്ലുവേലിൽ പാലക്കാട് രൂപതാ മതബോധന വിഭാഗം ഡയറക്ടറായിരിക്കെയാണ് ടൊറന്റോ സെന്റ് തോമസ് സിറോ മലബാർ മിഷന്റെ ചുമതലക്കാരനായി കാനഡയിൽ എത്തിയത്. സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്സാർക്കേറ്റിന്റെ ആദ്യ ഇടയനെന്ന ബഹുമതിയും ഇനി റവ. ഡോ. ജോസ് കല്ലുവേലിലന് സ്വന്തം. അഭിഷിക്തനാകുന്നതോടെ ടുണീസിയയിലെ ടബൽറ്റയുടെ സ്ഥാനിക മെത്രാനായും അറിയപ്പെടും.

കാനഡയിലെ മുപ്പത്തയ്യായിരത്തിലേറെ വരുന്ന സിറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി വേണ്ടത്ര പള്ളികളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാലാണ് സ്വതന്ത്ര ചുമതലയുടെ ആദ്യപടിയായി എക്സാർക്കിയേറ്റ് രൂപീകരണ പ്രഖ്യാപനം. പള്ളികളുടെയും മറ്റും കാര്യത്തിൽ പുരോഗതി ആകുന്ന മുറയ്ക്ക് രൂപത ആയി ഉയർത്തപ്പെടാൻ സാധ്യതയുള്ള ഭരണസംവിധാനമാണ് എക്സാർക്കിയേറ്റ്. ഇതുവരെ ടൊറന്റോ അതിരൂപതയുടെ കീഴിലായിരുന്നുവെങ്കിലും ഇവിടുന്നങ്ങോട്ട് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നതിനുള്ള സൗകര്യവും സംവിധാനവുമാണ് ഇതിലൂടെ ഇവിടുത്തെ സിറോ മലബാർ സമൂഹത്തിനു ലഭിക്കുന്നത്.

മിസ്സിസാഗയിൽ സെന്റ് തോമസ് സിറോ മലബാർ മിഷന്റെ കീഴിലുള്ള മിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഷിക്കാഗോ രൂപതാ ചാൻസലർ ഫാ. സെബാസ്റ്റ്യൻ വേന്താനമാണ് മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത്.  ടൊറന്റോ രൂപതാ ക്ളെർജി പേഴ്സണൽ ആൻഡ് ചാപ്ളെയ്ൻസി ഡയറക്ടർ മോൺ. തോമസ് കളാരത്തിൽ, ഷിക്കാഗോ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ഫാ. ജയിംസ് ചേരിക്കൽ, പാലക്കാട് രൂപതയിലെ റവ. ഡോ. പീറ്റർ കുരുതുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു. ഫാ. തോമസ് വാലുമ്മേൽ, വെസ്റ്റ് റീജൻ ട്രസ്റ്റി ടോമി കോക്കാട്, ഈസ്റ്റ് റീജനൽ സെക്രട്ടറി സജി ജോസഫ് എന്നിവർ ബൊക്കെ നൽകി റവ. ഡോ. ജോസ് കല്ലുവേലിലിനെ അഭിനന്ദിച്ചു. കേക്കും മധുരവും പങ്കുവച്ചാണ് ചടങ്ങിനെത്തിയ വിശ്വാസികൾ പ്രഖ്യാപനത്തിന്റെ സന്തോഷത്തിൽ പങ്കാളികളായത്.

 

bishops.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here