ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാവിലെ പത്തിന് ദിവ്യബലി മധ്യേ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. അഞ്ച് കര്‍ദിനാള്‍മാര്‍, അന്‍പതോളം മെത്രാന്മാര്‍, വൈദികര്‍ സന്യസ്തര്‍, വിശ്വാസികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കും. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍ റാണി മരിയ. നവംബര്‍ 11ന് എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിലും 19ന് സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും. ഇന്ന് രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ച് 25ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് പ്രഖ്യാപനം വരുന്നത്.

വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പുള്ള ഘട്ടമാണ് വാഴ്ത്തപ്പെട്ടവളായ് പ്രഖ്യാപിക്കുന്നത്.ഉദയ്‌നഗറില്‍ 1995 ഫെബ്രുവരി 25നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും വിദ്യാഭ്യാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം. വാടകക്കൊലയാളിയായ സമന്ദര്‍ സിങ് ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട് സിസ്റ്ററുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.

സിസ്റ്ററെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന വത്തിക്കാനില്‍ നിന്നുള്ള കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

സി.ബി.സി.ഐ. പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യസഹകാര്‍മികരാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ അഞ്ചിനു രാവിലെ പത്തിന് ഉദയ്‌നഗറില്‍ കൃതജ്ഞതാബലിക്ക് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തില്‍നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായര്‍ തുടങ്ങി 12,000 പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റര്‍ റാണി മരിയ. ബിജ്‌നോര്‍, സത്‌ന, ഇന്തോര്‍ രൂപതകളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 ഫെബ്രുവരി 25ന് ആണ് ഒരു വാടകക്കൊലയാളി സിസ്റ്റര്‍ റാണി മരിയയെ കൊല്ലുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here