തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. ഇതിനായി ജനുവരി അവസാനം സഭ സമ്മേളിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. 1980ല്‍ സബ്ജക്ട് കമ്മറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് 2004ല്‍ വക്കം പുരുഷോത്തമനാണ്. അതിനുശേഷം മാര്‍ച്ച് 31നു മുന്‍പ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് തോമസ് ഐസക്കാണ്.

നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യത്തെ മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. റോഡ് നിര്‍മ്മാണം അടക്കം പദ്ധതികള്‍ക്കായുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ 25,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിക്കും. ജിഎസ്ടി നടപ്പിലാകുകയും നികുതി അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്തതിനുശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. നികുതി കൂടുമോ കുറയുമോയെന്ന ആകാംഷയ്ക്ക് ഇനി ഇടമില്ല.

‘പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍തന്നെ ബജറ്റ് അവതരിപ്പിക്കും. നടപടികള്‍ക്ക് ഒരാഴ്ച മതിയല്ലോ. ഗവര്‍ണറുടെ പ്രസംഗവും ചര്‍ച്ചയും കഴിഞ്ഞാല്‍ മൂന്നാഴ്ച ഒഴിവായിരിക്കും. ആ ഇടവേളയില്‍ സബ്ജറ്റ് കമ്മറ്റികള്‍ യോഗം ചേര്‍ന്ന് ബജറ്റ് പരിശോധന പൂര്‍ത്തീകരിക്കും. അതിനുശേഷം മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കും’ധനമന്ത്രി ടി.എം.തോമസ് ഐസക്  പറഞ്ഞു.

പൂര്‍ണ ബജറ്റ് അവതരിക്കുന്നതോടെ വകുപ്പുകള്‍ക്ക് അനുവദിച്ച തുക ഏപ്രില്‍ മാസം മുതല്‍ ചെലവഴിച്ചു തുടങ്ങാം. വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുമ്പോള്‍ ഡിസംബര്‍ മാസത്തോടെയാണ് പല പദ്ധതികള്‍ക്കും തുക ലഭിച്ചിരുന്നത്.

ഒരു പദ്ധതിയിലേക്ക് അനുവദിക്കുന്ന തുക താല്‍ക്കാലികമായി വിനിയോഗിക്കാന്‍ അനുവാദം കൊടുക്കുന്നതാണ് വോട്ട് ഓണ്‍ അക്കൗണ്ട്. ഒരു പദ്ധതിയിലേക്ക് 12,000 കോടി അനുവദിച്ചാല്‍ മൂന്നുമാസത്തേക്ക് 3000 കോടി താല്‍ക്കാലികമായി അനുവദിക്കും. ബജറ്റിന്റെ തന്നെ ഭാഗമായാണ് വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുന്നത്. അത് സബ്ജറ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് പോകില്ല.

ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് സാധാരണ ബജറ്റ് അവതരിപ്പിക്കുന്നത്. അതിന്റെ കൂടെ ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കും. പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് ജൂണിലായിരിക്കും. ഓഗസ്റ്റ് മാസമൊക്കെയാകും പദ്ധതികള്‍ ആരംഭിക്കുമ്പോള്‍. ചെലവഴിച്ചു തീര്‍ക്കുന്നത് ജനുവരി മാസത്തിലോ ഫെബ്രുവരിയിലോ ആകും. പൂര്‍ണമായും തുക ചെലവഴിക്കാന്‍ പലപ്പോഴും കഴിയാറുമില്ല.

‘പൂര്‍ണ ബജറ്റ് മാര്‍ച്ചില്‍ അവതരിപ്പിക്കുന്നതോടെ വകുപ്പുകള്‍ക്ക് തുക നേരത്തെ ചെലവാക്കാന്‍ സാധിക്കും. പദ്ധതികള്‍ക്ക് വേഗം വര്‍ധിക്കും’ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here