ന്യൂഡല്‍ഹി: രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 714 ഇന്ത്യക്കാര്‍ രഹസ്യ നിക്ഷേപങ്ങളുടെ രേഖകളിലുള്‍പ്പെടുന്നതായി ജര്‍മന്‍ പത്രം ‘സൂഡ്ഡോയ്‌ചെ സൈറ്റുങ്’ പുറത്തുവിട്ട ‘പാരഡൈസ് രേഖകള്‍’ കേന്ദ്രസര്‍ക്കാരിനു സൃഷ്ടിക്കുന്നത് കനത്ത സമ്മര്‍ദ്ദം. പാരഡൈസ് പേപ്പേഴ്‌സിലൂടെ വലിയ രഹസ്യം തകര്‍ക്കപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്. പാരഡൈസ് പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലുകള്‍ സംയുക്ത സമിതി അന്വേഷിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയെങ്കിലും വന്‍തോക്കുകള്‍ക്കു മുന്നില്‍ സര്‍ക്കാരിന് എത്രമാത്രം പിടിച്ചുനില്‍ക്കാനാകും എന്നതു വലിയ ചോദ്യചിഹ്നമാണ്.
ഇന്ത്യയുള്‍പ്പെടെ 180 രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളും കമ്പനികളും ബര്‍മുഡ ദ്വീപ് അടക്കം നികുതി ഇളവുള്ള 19 രാജ്യങ്ങളില്‍ 1950 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ നടത്തിയ രഹസ്യനിക്ഷേപങ്ങളുടെ രേഖകള്‍ പുറത്ത്.

കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപിയുടെ രാജ്യസഭാംഗം ആര്‍.കെ. സിന്‍ഹ, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, വീരപ്പ മൊയ്‌ലിയുടെ മകന്‍ ഹര്‍ഷ മൊയ്‌ലി, ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യ, 2ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ തുടങ്ങിയവരുള്‍പ്പെടെ 714 ഇന്ത്യക്കാര്‍ രേഖകളിലുള്‍പ്പെടുന്നതായാണ് ‘പാരഡൈസ് രേഖകള്‍’ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള വ്യവസായ, രാഷ്ട്രീയ നേതാക്കളുടെ നിയമവിരുദ്ധ രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ ‘പാനമ രേഖ’കളിലൂടെ പുറത്തുകൊണ്ടുവരാന്‍ വിവരങ്ങള്‍ ശേഖരിച്ച ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ആണു ‘പാരഡൈസ്’ രേഖകളെക്കുറിച്ചും അന്വേഷിച്ചത്.

67 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം മാധ്യമങ്ങള്‍ ഈ അന്വേഷണത്തില്‍ പങ്കാളികളായി. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആദായനികുതി വകുപ്പിനോടു നിര്‍ദേശിച്ചു. കേസുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമലപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക്, ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവയുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണു മേല്‍നോട്ട സമിതി. നാളെ കള്ളപ്പണ വിരുദ്ധദിനമാചരിക്കാനിരിക്കെ, കേന്ദ്രമന്ത്രിയും ബിജെപി എംപിയുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളുയര്‍ന്നതു കേന്ദ്രസര്‍ക്കാരിന് ഇരുട്ടടിയായി. പാരഡൈസ് രേഖകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പുറത്തുവിടും. പുറത്തുവന്ന രേഖകളിലെ പേരുകളുടെ എണ്ണത്തില്‍ ഇന്ത്യ പത്തൊന്‍പതാമതാണ്.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, പോപ് ഗായിക മഡോണ, ജോര്‍ദാനിലെ നൂര്‍ അല്‍ ഹുസൈന്‍ രാജ്ഞി, യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ തുടങ്ങിയവര്‍ക്കു പുറമേ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മരുമകനും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിശ്വസ്തനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു സംഭാവന നല്‍കുന്നവരുമെല്ലാം പട്ടികയിലുണ്ട്. വിഡിയോകോണ്‍, എസ്സാര്‍, സണ്‍ ടിവി, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവയുള്‍പ്പെടുന്ന കമ്പനിപ്പട്ടികയില്‍ എസ്എന്‍സി ലാവ്‌ലിനുമുള്‍പ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here