കോഴിക്കോട്: നോട്ട് നിരോധിച്ച് ഒരുവര്‍ഷമായിട്ടും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകളുമായി കഴിയുന്നവര്‍ കേരളത്തില്‍. അഞ്ചേകാല്‍ കോടി രൂപയുടെ നോട്ടുകെട്ടുകള്‍ മാറാന്‍ ശ്രമിക്കുന്ന മുന്‍ ബാങ്ക് ഉദ്യോഗസ്ഥനെ കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തില്‍ അന്വേഷണം ശക്തമായത്. മുപ്പത് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ വരെ കെട്ടിപ്പൂട്ടി സൂക്ഷിച്ചവരുണ്ടന്നും വെളിപ്പെടുത്തല്‍. നോട്ട് നിരോധിച്ചതിനുശേഷം മാറാന്‍ ശ്രമിച്ച നിരോധിത നോട്ടുകള്‍ ദിനംപ്രതി പിടികൂടുന്നു. മാത്രമല്ല, പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ ഏതാണ്ട് അത്രതന്നെ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കും.

അഞ്ചേകാല്‍ കോടിയുടെ നിരോധിച്ച നോട്ടുകളാണ് മലബാര്‍ മേഖലയില്‍ കൈമാറാനുള്ളത്. ഇത്തരക്കാരില്‍ നിന്ന് നോട്ടുകെട്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏറ്റുവാങ്ങുന്ന സംഘത്തിലെ കണ്ണിയുടെ ഫോണിലേക്കു വിളിക്കുന്നുമുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രം കോടിക്കണക്കിന് രൂപ പല വീടുകളിലും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണ് സൂചന.
ഒരു കോടി രൂപയുടെ പഴയ ആയിരം, 500 നോട്ടുകള്‍ക്ക് പകരമായി 20 മുതല്‍ 22 ലക്ഷം രൂപ വരെ ഉടമയ്ക്ക് കിട്ടും. എട്ടുലക്ഷം രൂപ വരെ ഇടനിലക്കാര്‍ക്കും. പക്ഷേ, ഈ അസാധു നോട്ടുകള്‍ കൊണ്ട് ഈ സംഘം എന്തു ചെയ്യുന്നുവെന്നത് ഈ കണ്ണിക്കും അറിയില്ല. പക്ഷേ ഒന്നുറപ്പ്. ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്കിലെത്തിയ നോട്ടുകളോ അല്ലെങ്കില്‍ ഈ ഒളിപ്പിച്ചുവച്ച നോട്ടുകളോ കള്ളനോട്ടുകളാവണം.

 

LEAVE A REPLY

Please enter your comment!
Please enter your name here