ഭോപ്പാല്‍: നോട്ടുനിരോധനത്തെ ന്യായീകരിച്ച് വിചിത്രവാദവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. 2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ വേശ്യാവൃത്തിയും പെണ്‍കുട്ടികളെ കടത്തുന്ന സംഭവങ്ങളും കുറഞ്ഞുവെന്നാണു മന്ത്രി പറഞ്ഞത്. കശ്മീരില്‍ കല്ലെറിയല്‍ സംഭവങ്ങള്‍ കുറഞ്ഞു. നക്‌സല്‍ ആക്രമണങ്ങളിലും കുറവുണ്ടായി. നോട്ടുനിരോധനത്തിന്റെ ഗുണങ്ങള്‍ വിവരിക്കുന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വേശ്യാവൃത്തിയിലൂടെ നേപ്പാളിലേക്കും ബംഗ്ലദേശിലേക്കും വന്‍തോതില്‍ പണമൊഴുകിയിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഈ ‘മാംസവ്യാപാര’ത്തില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിന് നോട്ടുനിരോധനത്തോടെ അറുതി വന്നു– മന്ത്രി പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളും വന്‍തോതില്‍ വര്‍ധിച്ചു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷുറന്‍സ് കവറേജുമെല്ലാം കൂടി. ഇതിനെല്ലാം തന്റെ കയ്യില്‍ കൃത്യമായ കണക്കുകളുണ്ടെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്ത് വേശ്യാവൃത്തി നടത്തുന്നവരുടെ പിന്നാലെ പോയി അവരുടെ സമ്പാദ്യത്തെപ്പറ്റിയുള്ള കണക്കു ശേഖരിക്കുന്നത് ഏതു വകുപ്പിന്റെ ചുമതലയാണെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി മനിഷ് തിവാരി ആവശ്യപ്പെട്ടു.

!തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ സാധിക്കാത്തവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും അതില്‍ നോട്ടുനിരോധനത്തിനു പങ്കില്ലെന്നുമുള്ള രവി ശങ്കര്‍ പ്രസാദിന്റെ പരാമര്‍ശവും വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. നോട്ടുനിരോധനത്തിനു ശേഷം 15 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

നോട്ടുനിരോധനം ഒട്ടേറെ പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ‘മുദ്ര’ സ്‌കീമിലൂടെ എട്ടു കോടി പേര്‍ക്ക് നാലു ലക്ഷം കോടി രൂപ വായ്പ നല്‍കി. ചെറുകിട കച്ചവര്‍ക്കാര്‍ക്ക് ഉള്‍പ്പെടെയാണിതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here