കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന രീതി തുടരുന്നു.ഇതിന്റെ ഒടുവിലത്തെ ഇരയാണ് യുഎസില്‍ നിന്നെത്തിയ മലയാളി ദമ്പതികള്‍. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ മലയാളി ദമ്പതികളുടെ നാല് ബാഗേജുകളില്‍നിന്നു ലക്ഷക്കണക്കിനു രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായാണു പരാതി. മുണ്ടക്കയം സ്വദേശി ചാക്കോ-ഏലിക്കുട്ടി ദമ്പതികളാണ് കൊള്ളയ്ക്ക് ഇരയായത്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, കാമറകള്‍, 13 ബോട്ടില്‍ പെര്‍ഫ്യൂമുകള്‍, അഞ്ച് വാച്ചുകള്‍, മാഗി ലൈറ്റുകള്‍, ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍, ഡയബറ്റിക് പരിശോധിക്കുന്ന കിറ്റ്, നാല് ലേഡീസ് ബാഗുകള്‍ തുടങ്ങിയ സാധനങ്ങള്‍ നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.20 ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. അമേരിക്കയില്‍ നഴ്‌സുമാരായി ജോലിചെയ്തു വരികയാണ് ഇവര്‍.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ബാഗേജുകള്‍ പരിശോധിക്കുന്നതിനു പതിവിലും കൂടുതല്‍ സമയമെടുത്തതായി ഇവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ബാഗേജ് കൈപ്പറ്റുന്ന സമയത്ത് ഒരു ജീവനക്കാരി രണ്ട് പ്രാവശ്യം ഇവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. നാല് ബാഗേജുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവ കൈപ്പറ്റി ഫ്‌ളാറ്റിലെത്തി തുറന്നു നോക്കിയപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയെന്നു വ്യക്തമായത്.
തുടര്‍ന്നു രാവിലെ എട്ടോടെ വിമാനത്താവളത്തിലെത്തി പരാതി സമര്‍പ്പിച്ചപ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ തുറന്നുനോക്കി പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചു ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ഒഴിഞ്ഞുമാറിയത്രെ. ബാഗേജുകള്‍ താഴിട്ട് പൂട്ടരുതെന്നു ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ നിര്‍ദേശിച്ചതിനാല്‍ പ്ലാസ്റ്റിക് കൊണ്ടു ഭദ്രമായി പൊതിയുകയായിരുന്നുവെന്നു ദന്പതികള്‍ പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച് നെടുമ്പാശേരി പോലീസിലും ടെര്‍മിനല്‍ മാനേജര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി വേണ്ടി വന്നാല്‍ കൂടുതല്‍ ദിവസം നാട്ടില്‍ തങ്ങാന്‍ തയാറാണെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. വിമാനത്താവളത്തിലെ സിസി ടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു നെടുമ്പാശേരി പോലീസ് പറഞ്ഞു. 44 വര്‍ഷമായി അമേരിക്കയില്‍ താമസിച്ചുവരുന്ന തങ്ങള്‍ എല്ലാവര്‍ഷവും നാട്ടിലെത്താറുണ്ടെന്നും ഇതുവരെ ഇത്തരത്തില്‍ ഒരനുഭവമുണ്ടായിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here