തിരുവനന്തപുരം:സോളാര്‍കേസില്‍ കുടുങ്ങിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പിന്നാലെ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗമായ മറ്റൊരു ചാണ്ടിയും കുഴപ്പത്തില്‍. കായല്‍ കയ്യേറിയ കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെ സിപിഎം തോമസ് ചാണ്ടിയെ കൈവിടുന്നു. രാജിയില്‍ തീരുമാനം തോമസ് ചാണ്ടി എടുക്കണമെന്ന് സിപിഎം നേതൃത്വം. സിപിഎം നേതാക്കള്‍ നിര്‍ണായക സന്ദേശം തോമസ് ചാണ്ടിക്ക് കൈമാറിയെന്നാണ് വിവരം.
സാഹചര്യം ഗൗരവമുള്ളതാണ്. ഉചിതമായ തീരുമാനം സ്വയം കൈ കൊള്ളണം. നിയമോപദേശം വന്ന സ്ഥിതിക്ക് തോമസ് ചാണ്ടി തന്നെ രാജി വയ്ക്കണമെന്നാണ് തോമസ് ചാണ്ടിക്ക് സിപിഎം നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം. ഇന്ന് തിരുവനന്തപുരത്ത് സിപിഎമ്മും സിപിഐയും നിര്‍ണായക നേതൃയോഗങ്ങള്‍ ചേരും. സര്‍ക്കാരിനെയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം. മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാല്‍ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ അറിയിച്ചെന്നാണ് വിവരം.

വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടാന്‍ സിപിഎം ഒരുക്കമല്ല. ഇതു മുന്നണി മര്യാദയല്ലെന്നാണു അഭിപ്രായം. എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. വിവാദം മുന്നണിക്കും സര്‍ക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.

കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

മറ്റൊരു ഘടകകക്ഷിയായ സിപിഐ ആദ്യം മുതലേ തോമസ് ചാണ്ടിക്ക് എതിരായാണ് നിലകൊണ്ടത്. നിലപാട് വ്യക്തമാക്കിയ സിപിഐ, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെ പാപഭാരം സിപിഎമ്മിന്റെ തലയിലുമായി. പല കോണുകളില്‍നിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും അതിനൊരു മുന്‍പൊരു ദിവസം ശാസിച്ചതും കാര്യങ്ങള്‍ കൈവിടുന്നുവെന്ന സൂചനയാണു നല്‍കിയത്.

അതേസമയം, തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നികുതി പുനര്‍നിശ്ചയിക്കാനുള്ള തീരുമാനം പാളി. റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ ആലപ്പുഴ നഗരസഭയ്ക്ക് ലേക്ക് പാലസ് അധികൃതര്‍ അനുമതി നല്‍കിയില്ല. സഞ്ചാരികള്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുള്ളതിനാല്‍ പരിശോധന ജനുവരിയിലേക്ക് മാറ്റണമെന്നാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ആവശ്യം. നഗരസഭാ കൗണ്‍സില്‍ ചേര്‍ന്നാണ് ലേക്ക് പാലസിന് നാളിതുവരെയായി അനുവദിച്ചുപോന്ന നികുതി ഇളവ് പിന്‍വലിക്കാനും പുതുക്കിയ നികുതി കണക്കാക്കാനും തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here