ഈവര്‍ഷത്തെ നഴ്‌സ് പ്രാക്ടീഷണര്‍ (NP) വാരാഘോഷം നവംബര്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായി അമേരിക്കയിലെ ആരോഗ്യരംഗം ആചരിക്കുന്നു. ഇത്തരുണത്തില്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ ആരോഗ്യമേഖലയ്ക്ക് നല്‍കുന്ന അതുല്യ സംഭാവനകളെ മക്തകണ്ഠം പ്രശംസിക്കുന്നതോടൊപ്പം ഭാവിയിലും ഇതുപോലെ മഹത്തരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നു.

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ നൈന, സമകാലികവും സമയോചിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ – അമേരിക്കന്‍ നഴ്‌സുമാരുടെ പ്രൊഫഷണല്‍ ഉന്നമനത്തിനുവേണ്ടി യത്‌നിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കലാ-സാംസ്കാരിക, സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും വ്യത്യസ്തമായി, അമേരിക്കന്‍ ആരോഗ്യമേഖലയില്‍ അനുദിനം ഉരുത്തിരിയുന്ന ഔദ്യോഗിക സാധ്യതകള്‍ കണ്ടറിഞ്ഞ്, അതിനുള്ള കഴിവുകള്‍ നേടിയെടുക്കാന്‍ നഴ്‌സുമാരെ പ്രാപ്തരാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് നൈന.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാര്‍ വിദ്യാഭ്യാസപരമായി മുന്നേറിയതിന്റെ ഫലമായി പലരും നഴ്‌സിംഗ് രംഗത്തെ വിവിധ മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചു. ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടി “ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍’ എന്ന നഴ്‌സ് പ്രാക്ടീഷണര്‍ (എന്‍.പി) തലത്തിലും ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹം എത്തി. നമ്മുടെ ഇടയിലുള്ള നഴ്‌സ് പ്രാക്ടീഷണര്‍ സമൂഹം എണ്ണത്തില്‍ ശക്തിപ്രാപിച്ചപ്പോള്‍ 2015-ല്‍ നൈന അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സസ് ഫോറം രൂപീകരിച്ച് പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്കരിച്ചു. അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന ഘടകങ്ങള്‍ രൂപീകരിച്ചിട്ടുള്ള എ.പി.എന്‍ ഫോറത്തിനു സമാനമായ നൈന എ.പി.എന്‍ ഫോറം എല്ലാ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്കും മാതൃസംഘടനയുടെ കെട്ടുറപ്പും അതോടൊപ്പം അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നഴ്‌സ് പ്രാക്ടീഷണര്‍ വിദ്യാഭ്യാസ പരിശീലനം നല്കുന്നവരില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശവും സ്വീകരിക്കുന്നു. ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കുന്നു.

ഡിസംബര്‍ രണ്ടാം തീയതി ഹൂസ്റ്റണില്‍ നടക്കുന്ന ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് അതിനൊരു ഉദാഹരണമാണ്. കോണ്‍ഫറന്‍സിന്റെ ഭാഗമാകുവാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് www.nainausa.com സന്ദര്‍ശിക്കുക.

്‌നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക, ഈ പ്രസ്ഥാനത്തിന്റെ അഭിമാനത്തിനും നേട്ടങ്ങള്‍ക്കും മാറ്റുകൂട്ടുന്ന എല്ലാ പ്രാക്ടീഷണര്‍മാര്‍ക്കും ഔദ്യോഗിക സംതൃപ്തിയുടെ, പ്രവര്‍ത്തി മികവിന്റെ, അഭിനന്ദന നിറവിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുവാന്‍ ഈ ആഴ്ചയിലും വരുംകാലങ്ങളിലും സാധിക്കട്ടെ എന്നു ആശംസിക്കുന്നു. Happy Nurse Practioner week!!

LEAVE A REPLY

Please enter your comment!
Please enter your name here