മുംബൈ:രാജ്യത്തെ ഏക മന്ത്രിയുടെ രാജി: എന്‍സിപിയില്‍ ആശയക്കുഴപ്പം. കേരളത്തിലെ ഗതാഗതമന്ത്രിയുടെ മന്ത്രിസ്ഥാനം ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ നാളെ കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍ എന്‍.സി.പിയുടെ തീരുമാനം നീണ്ടുപോയാല്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടിവരും. തോമസ് ചാണ്ടി രാജിവച്ചാല്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാകുമെന്നതാണ് എന്‍സിപിയുടെ പ്രശ്‌നം. പുതിയ മന്ത്രി അധികാരത്തിലേറുന്നത് നീണ്ടുപോയാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുമോയെന്നാണ് ആശങ്ക.

അങ്ങനെയൊരു സാഹചര്യമൊഴിവാക്കണം എന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാല്‍ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്. ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എ.ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. എന്നാല്‍ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഇനി ഹൈക്കോടതി 24നേ പരിഗണിക്കൂ.

തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാല്‍പര്യഹര്‍ജികളും കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് എതിരായ തീരുമാനമോ പരാമര്‍ശമോ വന്നാല്‍ ഉടന്‍ രാജി വയ്‌ക്കേണ്ടിവരും. ഈ വിഷമസ്ഥിതിയിലാണ് നാളെ പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നത്. തീരുമാനം നീണ്ടുപോയാല്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനുമുമ്പ് മുഖ്യമന്ത്രി തീരുമാനത്തിലെത്തിയാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം അപ്രസക്തമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here