ഷിക്കാഗോ: മതേതരത്വം ഇന്ത്യയുടെ ആത്മാവും ജനാധിപത്യം ജീവനുമാണെന്ന് ഐ.എന്‍.ഒ.സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഷിക്കാഗോയില്‍ നടന്ന സെമിനാറില്‍ “ഇന്ത്യന്‍ ജനാധിപത്യത്തില്‍ മതേതരത്വം വെല്ലുവിളികളെ നേരിടുന്നുവോ’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത ഭാരതശില്‍പികള്‍ ഇന്ത്യയുടെ ഭരണഘടനയ്ക്കു രൂപം നല്‍കുമ്പോള്‍ ജനാധാപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി മനുഷ്യവംശത്തിന്റെ ക്ഷേമത്തിനും, ഒരു സ്വതന്ത്രരാജ്യത്തിന്റെ നിലനില്‍പിനും അഭിവൃദ്ധിക്കും, വിവിധ മത വിഭാഗങ്ങളുടെ സാമഹ്യ-സാംസ്കാരിക പശ്ചാത്തലങ്ങളും ഭാഷാ വ്യത്യാസങ്ങളും എല്ലാംകൂടി സമ്മിശ്രമായ ഒരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭരണ സംവിധാനത്തിനും ഉതകുന്ന ലക്ഷ്യങ്ങളോടെ, ദീര്‍ഘവീക്ഷണത്തോടെ രൂപംകൊടുത്ത ചിന്തകള്‍ പാറപോലെ ഉറച്ച ശിലയാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും മാറിമാറി വരുന്ന ഭരണ സംവിധാനങ്ങള്‍ ജനാധിപത്യത്തിലെ നെടുംതൂണുകളാണ്. പക്ഷെ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ നയരൂപീകരണത്തില്‍ സമന്വതയും അഭിപ്രായ ഭിന്നതയും സൃഷ്ടിക്കുക സ്വാഭാവികമാണ്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതവിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന ഭാഗഭാക്കുകളാകാന്‍ അവസരം നല്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കണ്ണിലെ കൃഷ്ണമണിപോലെ കാത്തൂസൂക്ഷിക്കുന്ന മൗലികാവകാശങ്ങളും ഭരണഘടന മൊത്തമായും കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി വളരെ ചെറിയ തോതില്‍ വര്‍ഗീയ ചിന്തകളും മതമൗലിക വാദവും തലപൊക്കി ഇന്ത്യയുടെ മൗലികാവകാശങ്ങളിലേക്ക് കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാശിയേറിയ ചര്‍ച്ചകള്‍ പ്രൊഫസര്‍ തമ്പി മാത്യു മോഡറേറ്റ് ചെയ്തു. രാജന്‍ പടവത്തില്‍, സജി കരിമ്പന്നൂര്‍, മേഴ്‌സി കുര്യാക്കോസ്, പി.പി. ചെറിയാന്‍, ജോണ്‍ ഇലക്കാട്ട്, സന്തോഷ് നായര്‍, ജസ്സി റിന്‍സി, സജി കുര്യന്‍, ജോഷി വള്ളിക്കളം, റോയി ചാവടി, ബാബു മാത്യു, മാത്യു ഏബ്രഹാം, ജോണ്‍സണ്‍ കാരിക്കല്‍, നടരാജന്‍ കൃഷ്ണന്‍, ഈശോ കുര്യന്‍, ജോസഫ് നാഴിയംപാറ, സണ്ണി വള്ളിക്കളം, മൊഹീന്ദര്‍ സിംഗ്, ഹര്‍ബചന്‍ സിംഗ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സജീവമായി സംസാരിച്ചു.

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും, ഉന്നമനത്തിനും, ജനാധിപത്യത്തിന്റെ നിലനില്‍പിനും, മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും അതിനായി ഓരോ ഭാരതീയനും ശക്തിയുക്തം രംഗത്തിറങ്ങണമെന്നും ആശംസിച്ചുകൊണ്ട് സന്തോഷ് നായര്‍ ചര്‍ച്ച അവസാനിപ്പിച്ചു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here