തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം വ്യക്തിപൂജ വിവാത്തിലൂടെ സിപിഎം രാഷ്ട്രീയം ചൂടുപിടിക്കുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കണ്ണൂര്‍ നേതൃത്വവും രംഗത്തെത്തിയതോടെ വരുംദിവസങ്ങളില്‍ വിവാദം കൂടുതല്‍ ശക്തമാകും. വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന കുറ്റസമ്മതമായിരുന്നു നേതാക്കളുടേത്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മാത്രമാണ് സംസാരിച്ചത്. അതേസമയം ജയരാജനെ തള്ളിപ്പറയാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ തന്നെയാണു ജയരാജനെതിരെ തിരിഞ്ഞത്. പരാതികളും ‘ഡിജിറ്റല്‍ തെളിവു’കളും അവര്‍ കെട്ടഴിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കണ്ണൂരുകാര്‍ തന്നെ എതിരായ സാഹചര്യത്തില്‍ മറ്റുള്ളവര്‍ നിയന്ത്രണം പാലിച്ചു. പിണറായിയും തന്റെ അനിഷ്ടം ഈ യോഗത്തില്‍ പ്രകടിപ്പിച്ചുവെന്നാണ് വിവരം. സംസ്ഥാന നേതൃത്വം ‘വ്യക്തിപൂജ’യെന്നു കണ്ടതിനെ അതേ രീതിയില്‍ താന്‍ മനസ്സിലാക്കിയില്ലെന്ന വിശദീകരണമായിരുന്നു ജയരാജന്റേത്. ആ ഗൗരവം കല്‍പിച്ചില്ല. മറ്റുള്ളവരാണു പലതിനും മുന്‍കൈയെടുത്തതെന്നും വികാരംകൊണ്ടു ജയരാജന്‍ പറഞ്ഞു. പറ്റിപ്പോയിയെന്ന സ്വരമായിരുന്നു മറ്റു കണ്ണൂര്‍ സഖാക്കളുടേത്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത. കണ്ണൂര്‍ നേതൃത്വത്തില്‍ സംസ്ഥാന നേതൃത്വം പിടിമുറുക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നതും. ‘കണ്ണൂര്‍’ ലോബിയാണു സംസ്ഥാന നേതൃത്വത്തെത്തന്നെ നിയന്ത്രിക്കുന്നതെങ്കിലും ജില്ലയുടെ കാര്യത്തില്‍ എല്ലാം ജയരാജനു വിടുന്ന രീതിയാണ് കുറെനാളായി തുടരുന്നത്. ഇതില്‍ മാറ്റം വന്നേക്കും. ജയരാജനും കണ്ണൂര്‍ നേതൃത്വത്തിനുമെതിരെ കോടിയേരി ബാലകൃഷ്ണന്‍ തന്നെ കുറ്റപത്രം അവതരിപ്പിച്ചതു സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഞെട്ടിച്ചു. എന്നാല്‍, കണ്ണൂരില്‍നിന്നുള്ള നേതൃത്വം ഏതാനും മാസങ്ങളായി ഇക്കാര്യം നിരീക്ഷിച്ചു വരികയായിരുന്നു. ഇക്കാര്യത്തില്‍ ഒട്ടേറെ പരാതികള്‍ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ‘ജയരാജന്‍ താരാരാധന’ നേരിട്ടു മനസ്സിലാക്കുന്ന സാഹചര്യമുണ്ടായി.
അതേസമയം ജയരാജനുപുറമേ മന്ത്രി തോമസ് ഐസക്കിന്റെ പേരിലും ആരോപണം. കേരളത്തെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഐസക് ആരോപണവിധേയനായത്. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനത്തില്‍ പങ്കുചേര്‍ന്നതായാണ് സൂചന.ഐസക്കിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടുന്ന റിപ്പോര്‍ട്ടും വ്യക്തിപൂജയാണെന്നായിരുന്നു വിമര്‍ശനം. അതേസമയം പത്രം വാര്‍ത്ത അവതരിപ്പിച്ച രീതിയില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ഐസക് മറുപടി നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here