ബഗ്ദാദ്: 7.3 തീവ്രതയില്‍ ഇറാഖ്- ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 328 ആയി. 4000 ത്തില്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.അതേസമയം, ഭൂകമ്പ ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂകമ്പ ബാധിതര്‍ക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങളും എത്തിത്തുടങ്ങി.

ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രി റഹ്മാനി ഫാസിലിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാരെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നിയോഗിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇവരുടെ ദൗത്യ ലക്ഷ്യം.ഇറാനിയന്‍ നഗരമായ സാര്‍പോളെ സഹാബിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ചതെന്നാണ് കണക്ക്. രാജ്യത്താകമാനം 70,000 പേരെ ബാധിച്ചുവെന്നാണ് പ്രാഥമിക വിവരം.

ഇറാഖില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ദുരന്തബാധിതര്‍ക്ക് പൂര്‍ണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ഇറാഖിനെ സഹായിക്കാന്‍ തുര്‍ക്കി 20 അംഗ തെരച്ചില്‍ സംഘത്തെ അയച്ചുനല്‍കി. പ്രധാനമന്ത്രിയുടെ ദുരന്ത, അത്യാഹിത കൈകാര്യ അതോറിറ്റി മേധാവി മെഹ്മെത്ത് ഗുല്ലോഗുലുവിന്റെ നേതൃത്വത്തിലാണ് സംഘം ഇറാഖിലെത്തിയത്.

2003 ല്‍ ഇറാനില്‍ 6.6 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 26,000 പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here