റിയാദ്: പശ്ചിമേഷ്യയിലെ പ്രമുഖ ക്രൈസ്തവ വിഭാഗമായ മാരനൈറ്റ് ചര്‍ച്ചിൻ്റ പുരോഹിതന്‍ പാത്രിയാര്‍ക്കീസ് ബിഷാറ ബുത്രൂസ് ചരിത്ര സന്ദര്‍ശനത്തിന് സഊദി അറേബ്യയിലെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് പാത്രിയാര്‍ക്കീസ് ബിഷാറ ബുത്രൂസ് അല്‍ റാഹി സഊദി തലസ്ഥാനമായ റിയാദിലെത്തിയത്. കിംങ് സല്‍മാന്‍ എയര്‍ബേസില്‍ വന്നിറങ്ങിയ അദ്ദേഹത്തെ സഊദിയുടെ ജി സി സി കാര്യ മന്ത്രി സാമിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇതാദ്യമായാണ് ഇത്ര ഉന്നത നിലയിലുള്ള ഒരു ക്രൈസ്തവ പ്രമുഖന്‍ സഊദിയിലെത്തുന്നത്. പശ്ചിമേഷ്യയിലെ പ്രബല ക്രൈസ്തവ സഭയായ ലബനാനിലെ മാരനൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസാണ് ബിഷാറ ബുത്രൂസ്.

സഊദി സന്ദര്‍ശിക്കാനുള്ള ക്ഷണം നേരത്തെ അദ്ദേഹത്തിന് ലബനാനിലെ സഊദി അംബാസിഡര്‍ വലീദ് ബുഖാരി കൈമാറിയിരുന്നു. സഊദിയിലെത്തിയ അദ്ദേഹം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. നിലവില്‍ ലബനാനുമായി അസ്വാരസ്യം ഉടലെടുത്ത സാഹചര്യത്തില്‍ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്‌തേക്കും. രാജി വെച്ച് സഊദിയില്‍ കഴിയുന്ന മുന്‍ ലബനോന്‍ പ്രധാനമന്ത്‌റിര്‍ സഅദ് ഹരീരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലബനാനിലെ നിലവിലെ പ്രശ്‌നങ്ങളില്‍ മധ്യ നിലപാട് സ്വീകരിക്കുന്നയാളാണ് ബിഷാറ ബുത്രൂസ് അല്‍ റാഹി.
ലബനീസ്‌സഊദി ബന്ധവും ക്രിസ്ത്യന്‍ സഊദി ബന്ധവും ശക്തിപ്പെടാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഉത്തര ലബനാനിലെ ട്രിപ്പോളോയിലെ ഗ്രാന്‍ഡ് മുഫ്ത്തി ശൈഖ് മാലിക് അല്‍ ശഅര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഊദിയുടെ ക്ഷണത്തെ ലബനീസ് പാര്‍ലിമെന്റ് അംഗം ബുത്രൂസ് ഹാര്‍ബും സ്വാഗതം ചെയ്തിരുന്നു. 77 കാരനായ ബിഷാറ ബുത്രൂസ് അല്‍റാഹി 77 ആമത് മാരനൈറ്റ് പാത്രിയാര്‍ക്കീസായി 2011 ലാണ് സ്ഥാനാരോഹണം ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here