കൊച്ചി: കലിപ്പടക്കി കപ്പടിക്കാന്‍ മോഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ആരാധകര്‍ കട്ടക്കലിപ്പില്‍. കൗണ്ടറുകളിലൂടെ ടിക്കറ്റ് വില്‍പന നടത്താതെ കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പറ്റിച്ചതോടെയാണ് ആരാധകര്‍ കട്ടക്കലിപ്പിലായത്. ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയാണ് കൗണ്ടറുകള്‍ വഴി നടത്താതിരുന്നത്.
ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ നടപടിക്കെതിരേ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തി. കൗണ്ടര്‍ വഴി ടിക്കറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് ഇന്നലെ സ്റ്റേഡിയത്തില്‍ എത്തിയത്.
ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളിലോ ലഭിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ ആരാധകര്‍ ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും ചെയ്തു. 17 ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, അമര്‍ തൊമര്‍ കൊല്‍ക്കത്ത മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് വഴിയാണ് വില്‍പന നടത്തിയത്. വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് മുഴുവന്‍ വിറ്റു തീര്‍ന്നു. ഓഫ് ലൈന്‍ ടിക്കറ്റ് വില്‍പന നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
നിശ്ചിത ശതമാനം ടിക്കറ്റുകള്‍ സാധാരണ മുത്തൂറ്റ് ശാഖകള്‍ വഴിയും സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്ന കൗണ്ടറുകള്‍ വഴിയും വില്‍ക്കാറായിരുന്നു പതിവ്. തിങ്കളാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങുമെന്ന വിവരം ലഭിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് ഇന്നലെ രാവിലെ സ്റ്റേഡിയത്തില്‍ എത്തിയത്. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും സംഘാടകര്‍ പ്രതികരിക്കാതായതോടെ ഇവര്‍ ഐ.എസ്.എല്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ പൊലിസ് സംഘം എത്തിയതോടെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് തയാറായ സംഘാടകര്‍ അടുത്ത മത്സരം മുതലുള്ള ടിക്കറ്റുകളാണ് ഓഫ്‌ലൈനായും ലഭിക്കുന്നതെന്ന് വ്യക്തമാക്കി.
ഉദ്ഘാടന മത്സരത്തിന് 40,000ന് അടുത്ത ടിക്കറ്റുകളാണ് ഉള്ളത്. 200 ലേറെ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഒഴികെ മുഴുവന്‍ വിറ്റുതീര്‍ന്നെന്നാണ് സംഘാടകരുടെ വാദം. സാധാരണയായി ഐ.എസ്.എല്ലിലെ മറ്റു ടീമുകള്‍ സ്വന്തം ആരാധകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ട്. ബ്ലാസ്റ്റേഴ്‌സ് അധികൃതരാവട്ടെ സ്വന്തം ആരാധകരെ അവഗണിക്കുന്ന സമീപനമാണ് കാലങ്ങളായി തുടര്‍ന്നു വരുന്നത്.
ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്ത്തിവച്ചതായാണ് ആരാധകര്‍ ഉയര്‍ത്തുന്ന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here