തിരുവനന്തപുരം: കായല്‍കൈയേറ്റവിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി തോമസ് ചാണ്ടി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും ഇന്നു രാവിലെ നടന്ന കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു മന്ത്രിസഭായോഗത്തിനെത്തവെ തോമസ് ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നും ചാണ്ടി അറിയിച്ചു.
അതിനിടെ, രാജിക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നു പീതാംബരന്‍ മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പായി മനോരമ ന്യൂസിനോട് അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ ചാണ്ടി പങ്കെടുക്കും. മുഖ്യമന്ത്രി ചാണ്ടിയെയും തന്നെയും കൂടിക്കാഴ്ചയ്ക്കു വിളിപ്പിച്ചുവെന്നും കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ എന്‍സിപിയുടെ കേന്ദ്ര നേതാക്കളുമായി പീതാംബരന്‍ ചര്‍ച്ച നടത്തി.
ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് 11 മണിയോടെ ലഭിക്കും. അതുവരെ സാവകാശം നല്‍കണമെന്ന് എന്‍സിപി ആവശ്യപ്പെടും. വാക്കാലുള്ള പരാമര്‍ശം മാത്രമേ തനിക്കുനേരെയുള്ളെന്നും വിധിയില്‍ അതു പറയുന്നില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം. തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാക്കാല്‍ രൂക്ഷ പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശവും തോമസ് ചാണ്ടിയുടെ രാജിയും ചര്‍ച്ചയില്‍ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണു പിണറായി വിജയന്‍ എകെജി സെന്ററിലെത്തിയത്.
എന്തായാലും കോടതി നാണംകെടുത്തിയിട്ടും രാജിവച്ചൊഴിയില്ലെന്ന വാശിയിലാണു തോമസ് ചാണ്ടിയും എന്‍സിപിയും. ഇനി എല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ ആശ്രയിച്ച്. മന്ത്രിസഭയിലിരിക്കാന്‍ യോഗ്യനോ എന്നു കോടതി ചോദിച്ച മന്ത്രിയോട് എന്തുകൊണ്ട് ഇന്നലെത്തന്നെ രാജി ചോദിച്ചു വാങ്ങിയില്ലെന്ന ബുദ്ധിമുട്ടിക്കുന്ന ചോദ്യം മുഖ്യമന്ത്രിയെ സമ്മര്‍ദത്തിലാക്കുന്നു. ഇതേസമയം, ഇന്നു മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന തീരുമാനത്തിലാണു തോമസ് ചാണ്ടി. സിപിഎമ്മോ സിപിഐയോ മന്ത്രിയെ സംരക്ഷിക്കാനില്ല. പക്ഷേ, ഘടകകക്ഷി മന്ത്രിയുടെ രാജി ബലം പ്രയോഗിച്ചു വാങ്ങുന്നതിലെ പരിമിതി ഇരുപാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. നേരിയ കോടതി പരാമര്‍ശങ്ങളുടെ പേരില്‍പോലും മന്ത്രിമാര്‍ രാജിവച്ചയിടത്താണു ചാണ്ടി തുടരുന്നത്. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്ന അവകാശവാദത്തിലാണു തോമസ് ചാണ്ടിയുടെ കയ്യേറ്റം.
സ്ഥിതിയുടെ ഗൗരവം കണക്കിലെടുത്താണു പിണറായി ഇന്നലെ തിരക്കിട്ട് എകെജി സെന്ററിലെത്തി കോടിയേരിയുമായും മറ്റും സംസാരിച്ചത്. രാജി അനിവാര്യമാണെന്ന നിഗമനത്തിലാണ് ഇരുവരും. പക്ഷേ, ഘടകകക്ഷിയെ നാണംകെടുത്തിയെന്ന സ്ഥിതി ഒഴിവാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.ഇന്നലെത്തന്നെ രാജി ഉണ്ടാകാത്തതില്‍ സിപിഐ കടുത്ത അതൃപ്തിയിലാണ്. അമര്‍ഷം സൂചിപ്പിച്ച കാനം രാജേന്ദ്രന്‍, രാജി നീണ്ടാല്‍ കൂടുതല്‍ തുറന്നുപറഞ്ഞേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here