ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായി പ്രമുഖമാധ്യമസംരംഭകന്‍ കമലേഷ് മേത്തയേയും പ്രമുഖ കോളമിസ്റ്റും ശര്‍മ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയുമായ ഓംകാര്‍ ശര്‍മ്മയേയും തെരഞ്ഞെടുത്തു. 

ലോംഗ് എലെന്റില്‍ നിന്നുള്ള മാധ്യമ സംരംഭകന്‍, സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസ്സുകാരന്‍, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ കമലേഷ് മേത്ത നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കന്‍ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ  ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിന്‍ കുടുംബാംഗമായ അദ്ദേഹം 1985-ല്‍ ബോംബെയില്‍ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986-ല്‍ ന്യുയോര്‍കിലേക്ക് കുടിയേറിയ കമലേഷ് അവിടെ ജംസ്‌റ്റോണ്‍, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു.

2008-ല്‍ ആണ് കമലേഷ് മാധ്യമ ബിസിനസ്സിലേക്ക് കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്‌ലി പത്രമായ ‘ ദ സൗത്ത് ഏഷ്യന്‍ ടൈംസിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് ‘ 2015 ല്‍ അക്ഷരം, ദ ഏഷ്യ ഈറ എന്നീ മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഡിലൈറ്റ് മീഡിയാ ഗ്രൂപ്പിന്റെ മേജര്‍ ഷെയറുകള്‍ വാങ്ങിക്കൊണ്ട് കമലേഷ് മേത്ത തന്റെ മാധ്യമമേഖല വിപുലപ്പെടുത്തി.

2010 ജനുവരിയില്‍ നസുവ കൗണ്ടി അഡ്മിനിസ്‌ട്രേഷന്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ഓഫ് ബിസിനസ് ആന്റ് ഇകണോമിക് ഡെവലപ്‌മെന്റ് ആയി നിയമിച്ചു. അഞ്ച് വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. 2009-ല്‍ ഹിക്‌സ്‌വില്‍ സൗത്തിലെ റോട്ടറി ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റായി. 2015-16-ല്‍ RI ഡിസ്ട്രിക്ട് 7255 ന്റെ ഗവര്‍ണ്ണറാകാന്‍ അവസരം ലഭിച്ചു.

പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകള്‍ക്കും, സാമൂഹിക ആവശ്യങ്ങള്‍ക്കും വേണ്ടി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി സാമൂഹിക സംഘടകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (RANA) യുടെയും, 2012-ല്‍ ഹിക്‌സ് വില്ലില്‍ ആരംഭിച്ച ഇന്ത്യന്‍ ഡെ പരേഡിന്റെ, ലോംഗ്‌സ് എലെന്റിലെ സ്ഥാപകനും ആണ്. 

നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ഡയറക്ടറായും, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകളും, കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയ്ക്കു ലഭിച്ചിട്ടുണ്ട്.

ശര്‍മ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയായ ഓംകാര്‍ ശര്‍മ്മ കഴിഞ്ഞ 15 വര്‍ഷമായി ദര്‍ശന്‍ ടിവിയില്‍ വാഷിംഗ്ടണ്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവര്‍ക്കും സുപരിചിതനാണ്. വാഷിംഗ്ടണ്ണില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളില്‍ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. 2017 ല്‍ ഇന്ത്യ അമേരിക്കന്‍ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാര്‍ ശര്‍മ്മയെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഡയറക്ടര്‍ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ക്ലയിന്റ്‌സിന് വേണ്ട നിയമോപദേശങ്ങളും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും, ഓപ്പണ്‍ ഡിസ്‌കഷന്‍ ഫോറങ്ങളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. നിരവധി NGO കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും, നിയമപരമായ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്ന കോളമിസ്റ്റായുമൊക്കെ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. മാത്രമല്ല നിരവധി ഹോട്ടല്‍, മോട്ടല്‍ ഫ്രഞ്ചൈസിംഗ് സ്ട്രീമുകളില്‍ നിയമോപദേഷ്ടാവായും പ്രവര്‍ത്തിച്ചുവരുകയാണ് ഓംകാര്‍ ശര്‍മ്മ.

LEAVE A REPLY

Please enter your comment!
Please enter your name here