സാന്‍ഫ്രാന്‍സിസ്‌ക്കൊ: യുനൈറ്റഡ് നാഷന്‍സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഇരുപതാമത് ഫിലിം ഫെസ്റ്റിവലില്‍ രൂപാസ് ബോട്ടിക്ക്(Rupa’s Boutique) ഏറ്റവും നല്ല ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറും, യുവതിയുമായ രൂപയുടെ ജീവിതത്തില്‍ ആസിഡ് ആക്രമണത്തെ തുടര്‍ന്നുണ്ടായ സമൂല പരിവര്‍ത്തനങ്ങളുടെ കഥ പറയുന്ന 50 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് ഗ്രാന്റ് ജൂറിയുടെ പ്രത്യേക അവാര്‍ഡിനര്‍ഹമായത്.
സാന്‍ഫ്രാന്‍സിസ്‌ക്കൊ ബെയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച നിരവധി ഡോക്യൂമെന്ററികളില്‍ ജൂറിയുടെയും, കാണികളുടേയും പ്രശംസ പിടിച്ചു പറ്റിയ രൂപാസ ബോട്ടിക്കിന്റെ സംവിധാനം ഗ്ലോറിയ ഹലസും, നിര്‍മ്മാണം ഫ്രഫൂല്‍ചൗധരിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രൂപ സുഖം പ്രാപിച്ചതിനുശേഷം ജീവിത സന്ധാരണത്തിനായി സ്വന്തമായി ബോട്ടിക്ക് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും, തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരയായിട്ടുള്ള മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കി അവരുടെ ജീവിതത്തില്‍ പരിവര്‍ത്തനത്തിന് അവസരം ഉണ്ടാക്കുകയും ചെയ്തത് ഹൃദയസ്പര്‍ശിയായി ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായവരെ മാത്രം അണിനിരത്തി ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നതിന് രൂപ തയ്യാറായതും ഈ ഡോക്യുമെന്ററിയില്‍ അനാവരണം ചെയ്യുന്നു. ഹോളിഅണ്‍ ഹോളിറിവര്‍(Holy(un) holy river) എ്ന്ന ഡോക്യുമെന്ററി സിനിമോട്ടോഗ്രാഫിക്കുള്ള വീഡിയോ അവാര്‍ഡും കരസ്ഥമാക്കി. ഇന്ത്യയിലെ ഗംഗാനദിയുടെ കഥപറയുന്നതാണ് ഈ ഡോക്യുമെന്ററി.

LEAVE A REPLY

Please enter your comment!
Please enter your name here