ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനും നടപടി എടുക്കാനും കേന്ദ്രം പ്രത്യേക അതോറിറ്റി (നാഷണല്‍ ആന്റി പ്രോഫിറ്ററിങ് അതോറിറ്റി (എന്‍എഎ) രൂപീകരിക്കും. ഇതിന് ചെയര്‍മാന്റെയും സാങ്കേതികാംഗത്തിന്റെയും തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.

നിരവധി ഉത്പന്നങ്ങളുടെ നികുതിനിരക്ക് കുറച്ചതിനു പിന്നാലെയാണ് ഈ നടപടിയും. ചരക്കുകളിലും സേവനങ്ങളിലും ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവുകളുടെ ആനുകൂല്യം ഉപഭോക്താവില്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികാരമുള്ളതാണ് അതോറിറ്റി.
കേന്ദ്രത്തിലെ മുതിര്‍ന്ന സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ തലവനാകുന്ന എന്‍എഎയില്‍ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് സാങ്കേതികാംഗങ്ങളും ഉണ്ടായിരിക്കും.

178 ഇനം ചരക്കുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചത് 2017 നവംബര്‍ പതിനാല് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നിരുന്നു. നിലവിലിപ്പോള്‍ 50 വിഭാഗങ്ങള്‍ക്ക് മാത്രമാണ് 28 ശതമാനം ജിഎസ്ടി. നിരവധി ഇനങ്ങളുടെ ജിഎസ്ടി നിരക്ക് പതിനെട്ട് ശതമാനത്തില്‍ നിന്നും പന്ത്രണ്ട് ശതമാനമായി കുറയ്ക്കുകയും ചിലവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ചരക്കോ സേവനമോ വാങ്ങുമ്പോള്‍ ആനുകൂല്യം വിലയില്‍ ലഭിച്ചില്ലെന്ന് തോന്നിയാല്‍ ഉപഭോക്താവിന് ആ സംസ്ഥാനത്തെ സ്‌ക്രീനിങ് കമ്മിയില്‍ പരാതി നല്‍കാം. എന്നാല്‍ രാജ്യത്താകമാനം വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന വസ്തുവാണെങ്കില്‍ അപേക്ഷ നേരിട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കാം.

കൊളളലാഭം ഉണ്ടായിട്ടുണ്ടോയെന്ന പ്രാഥമികനിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ വിശദമായ പരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് പരാതി സിബിഇഎസിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ്ഗാര്‍ഡ്‌സിന് കൈമാറും. അവര്‍ അവരുടെ കണ്ടെത്തലുകള്‍ എന്‍എഎയ്ക്ക് നല്‍കും. ബന്ധപ്പെട്ട വിതരണക്കാരനോടോ/വ്യാപാരിയോടെ വിലകുറയ്ക്കാനോ, ചരക്കോ-സേവനമോ വാങ്ങിയവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം പലിശ സഹിതം നല്‍കാനോ നിര്‍ദ്ദേശിക്കാം.

സ്വീകര്‍ത്താവിന് ആനുകൂല്യം കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടാം. തെറ്റുചെയ്ത വ്യാപാര സ്ഥാപനത്തിന് മേല്‍ എന്‍എഎയ്ക്ക് പിഴ ചുമത്താനും ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദ്‌ചെയ്യാനും അധികാരമുണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here