കൊച്ചി: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 100 കോടി അധിക വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മ്മിക്കുന്ന അന്തര്‍ദേശീയ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധന നിക്ഷേപമില്ലാതെ ഒരു സംരംഭവും മികച്ച രീതിയില്‍ മുന്നോട്ടു പോകില്ല. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വകാര്യവത്കരിക്കാനുള്ള ഒരു ശ്രമവും ഒരിക്കലും നടത്തില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നുള്ള ലാഭം ഉയരുന്നുണ്ട്. ഈ വര്‍ഷം അത് 7000 കോടി കവിയും. ഒരു വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപവും തുറമുഖങ്ങളുടെ കാര്യത്തില്‍ ഇനി സ്വീകരിക്കേണ്ട കാര്യമില്ല.

കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ കപ്പല്‍ അറ്റകുറ്റ പണി കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 6,000 പേര്‍ക്കാണു തൊഴില്‍ ലഭിക്കുക. സ്ഥലം ഏറ്റെടുക്കുന്നതിന് കേരളത്തില്‍ നേരിടുന്ന പ്രശ്നമാണ് മികച്ച പല പദ്ധതികളും കേന്ദ്ര സഹായത്തോടെ ഇവിടെ നടപ്പാക്കുന്നതിനു തടസമാകുന്നത്. സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കി കേന്ദ്രത്തെ സമീപിച്ചാല്‍ സംസ്ഥാനത്തിനു കേന്ദ്രത്തില്‍നിന്നുള്ള സഹായം ലഭ്യമാക്കും. പ്രത്യേക സാമ്പത്തിക മേഖല വഴി സ്മാര്‍ട് സിറ്റി അടക്കമുള്ള പ്രോജക്ടുകള്‍ കേരളത്തിലും വരണമെന്നു കേന്ദ്ര സര്‍ക്കാരിനു താത്പര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here