തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്നുള്ള തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സി.പി.എം സി.പി.െഎ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചര്‍ച്ച നടത്തും. അതേസമയം രാജിയെച്ചൊല്ലി സ്വന്തം പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളായിരിക്കും കാനത്തിന് കൂടുതല്‍ തലവേദനയുണ്ടാക്കുക.

തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.െഎ മന്ത്രിമാര്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം സി.പി.െഎ കൊമ്പുകോര്‍ക്കല്‍. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കടുത്തവിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ സി.പി.െഎ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞതോടെ പരസ്യമായ പോരടിക്കലായി. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അടുത്തതിരഞ്ഞെടുപ്പില്‍ സി.പി.െഎ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റ പരിഹാസം കൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
ഇതിനിടയിലാണ് മഞ്ഞുരുക്കാന്‍ സി.പി.െഎ ദേശീയ നേതൃത്വം മുന്നിട്ടിറങ്ങിയത്. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന് ദേശീയ സെക്രട്ടറി സുധാകരന്‍ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൂടി പറഞ്ഞതോടെ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങി. മുന്നണിയിലെ തര്‍ക്കങ്ങളേക്കാള്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് സി.പി.െഎ ദേശീയ നേതൃത്വത്തെ അലട്ടുന്നത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന കെ.ഇ ഇസ്മയിലിന്റ പ്രസ്താവനയും അതിനെതിരെ സംസ്ഥാന നേതൃത്വത്തിന്റ വിമര്‍ശനങ്ങളും ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.
ബുധനാഴ്ച പാര്‍ട്ടി നിര്‍വാഹകസമിതിയോഗം ചേരാനിരിക്കെ ഒരേസമയം പാര്‍ട്ടിയിലേയും മുന്നണിയിലേയും അഭിപ്രായവ്യത്യാസം പരിഹരിക്കുകയെന്ന ശ്രമകരമായ ജോലിയാണ് കാനത്തെ കാത്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here