സൗദി : സൗദിവനിതകള്‍ക്ക് വാഹന റിപ്പയറിങ് പരിശീലനം നല്‍കുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരിശീലനം നല്‍കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനാണ് ഓട്ടോമൊബൈല്‍ റിപ്പയറിംഗില്‍ പരിശീലനം നല്‍കുന്നതെന്ന് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രൈനിംഗ് കോര്‍പറേഷന്‍ ഗവര്‍ണര്‍ അഹമദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ് പറഞ്ഞു.

അടിയന്തരിര സാഹചര്യങ്ങളില്‍ പരിഹരിക്കേണ്ട അറ്റകുറ്റ പണികളില്‍ ബോധവത്ക്കരണവും പ്രായോഗിക പരിശീലനവും നല്‍കും. ഇതിനായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങളും പരിശീലനത്തിനുളള അടിസ്ഥാന സൗകര്യങ്ങളും തയ്യാറായി വരുകയാണ്.
സൗദിയില്‍ ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിക്കുക. ടാക്‌സി ഡ്രൈവര്‍മാരാകാന്‍ നിരവധി വനിതകള്‍ ഇതിനകം അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലുമുള്ള യുവതികള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ലഭിക്കുന്നതിന് വിവിധ കമ്പനികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.കരീം കമ്പനിക്കു കീഴില്‍ ടാക്‌സി ഡ്രൈവര്‍മമാരായി ജോലി ചെയ്യുന്നതിന് ഇതിനകം തന്നെ ആയിരക്കണക്കിന് യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനിയിലെ വനിതാ ട്രെയിനര്‍ റനീം അല്ലഹാം പറഞ്ഞു.

 

അടുത്ത ജൂണ്‍ മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനിച്ചിട്ടുളളത്. ഇതിനുളള നടപടിക്രമങ്ങള്‍ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രൈനിംഗ് കോര്‍പറേഷന്റെ പുതിയ പരിശീലന പദ്ധതി സ്വാഗതാര്‍ഹമാണെന്ന് സഊദിയിലെ വനിതകള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏതൊക്കെ കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിക്കുന്നത് എന്നത് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വനിതകള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here