കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് സാക്ഷി പറയുന്നതില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. നടി അക്രമിക്കപ്പെട്ട ദിവസം താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് തെളിയിക്കാന്‍ ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുമ്പോഴും തെളിവുകളുടെ കാര്യത്തില്‍ പോലീസിനും തൃപ്തിയില്ലെന്ന് സൂചന. ഒരു ഘട്ടത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാനും പിന്നീട് ഏഴാം പ്രതിയാക്കാനും ശ്രമം നടത്തിയ അന്വേഷണസംഘം ഇപ്പോള്‍ അതില്‍ നിന്ന് പിന്മാറി. ദിലീപിനെ എട്ടാം പ്രതിയാക്കാനാണ് തീരുമാനം. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയില്ലെന്ന സൂചനയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് വിലയിരുത്തല്‍.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതും പ്രധാന സാക്ഷികളില്‍ ചിലര്‍ മൊഴി മാറ്റിയതുമാണ് പോലീസിന് തിരിച്ചടിയായത്. പള്‍സര്‍ സുനിയും കൂട്ടുപ്രതിയായ വിജേഷും, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വന്നത് കണ്ടെന്ന മൊഴിയാണ് പ്രധാന സാക്ഷിയായ ജീവനക്കാരന്‍ മാറ്റിയത്. ഇതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലായി.
കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി ചാര്‍ളിയും അന്വേഷണസംഘത്തിന് മുന്നില്‍ നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ആവര്‍ത്തിച്ചില്ല. ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരെ നടന്ന ആക്രമണമെന്ന് സുനി തന്നോട് പറഞ്ഞെന്ന മൊഴിയാണ് ചാര്‍ളി മാറ്റിയത്. സാക്ഷികളുടെ മൊഴിമാറ്റമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടുപോകാനിടയാക്കിയത്.

കുറ്റപത്രം നീണ്ടുപോയപ്പോള്‍ തന്നെ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള തെളിവുകള്‍ മാത്രം ഹാജരാക്കി ചൊവ്വാഴ്ച കുറ്റപത്രം നല്‍കാന്‍ പോലീസ് തീരുമാനിച്ചതെന്നാണ് വിവരം. ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.ഗൂഢാലോചന നടത്തിയത് ദിലീപാണെന്ന് ആരോപിച്ച് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും പോലീസും പലവട്ടം വാദിച്ചിരുന്നു. ഇതേ തുടര്‍ന്ന് 85 ദിവസമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here