കൊച്ചി: ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ! കേട്ടാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമുള്ള കാര്യമാണ് ഇത്. എന്നാല്‍ സംഭവം തള്ളല്ല. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്‌റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ കട്ടന്‍ ചായയുടെ വിലയാണിത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടന്‍ചായ ഓര്‍ഡര്‍ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബില്‍ നല്‍കിയത്. 14666 ആയിരുന്നു ബില്‍ നമ്പര്‍. ഫില്‍ട്ടര്‍ കോഫി എന്നാണ് ബില്‍ ചെയ്തിരിക്കുന്നത്. ബില്ലില്‍ മലയാളത്തില്‍ കട്ടന്‍ചായ എന്നും എഴുതിയിട്ടുണ്ട്. 95 രൂപ 24 പൈസയാണ് ഫില്‍ട്ടര്‍ കട്ടന്‍ചായയയുടെ ബില്‍. അഞ്ച് ശതമാനം ജിഎസ്ടിയാവട്ടെ 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്.

തുടര്‍ന്നാണ് ഇത്തരത്തില്‍ നമ്മളെ പറ്റിക്കാന്‍ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുജിത് വാസുദേവ് ബില്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. മള്‍ട്ടിപ്ലക്‌സുകളിലെ ഫുഡ് കോര്‍ട്ടിലെ കൊള്ള പലര്‍ക്കും അനുഭവമുള്ളതിനാല്‍ സംഭവം പെട്ടെന്ന് തന്നെ വൈറലായി. നൂറിലധികം പേരാണ് സുജിത് വാസുദേവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഫ്‌സ് വാങ്ങിയ അനുശ്രീയ്ക്കും ഇതുപോലൊരു മുട്ടന്‍ പണി കിട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here