സൗദി: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ സൗദി അറേബ്യയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ വസ്ത്രചിട്ടകള്‍ വിവാദത്തിന് തിരികൊളുത്തുന്നു.
പെണ്‍കുട്ടികളുടെ ലൈംഗികച്ചുവയുള്ള വസ്ത്രധാരണം ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നാണ് പുതിയ വസ്ത്രച്ചിട്ടാനയം പുറത്തിറക്കിയ സൗദി യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. ഇതനുസരിച്ച് എല്ലാം തുറന്നുകാട്ടുന്ന സുതാര്യമായ വസ്ത്രങ്ങള്‍ അരുത്. വര്‍ണപ്പകിട്ടുള്ള വസ്ത്രങ്ങള്‍ക്ക് മാത്രമല്ല, ശരീരത്തിന്റെ അഴകളവുകള്‍ മാലോകരെ ബോധ്യപ്പെടുത്തുന്ന ഇറുകിയ വസ്ത്രങ്ങളും പാടില്ല. മേല്‍ വസ്ത്രം കാറ്റിലാടുംവിധം ഇഴുകിച്ചേരാത്തതായിരിക്കണം.
സര്‍വകലാശാലാ വിദ്യാര്‍ഥിനികളുടെ ബ്ലൗസുകള്‍ വെള്ളനിറത്തിലായിരിക്കണം. പാവാട കറുപ്പോ നീലയോ ആകാം. കണ്ണിണകള്‍ മാത്രം പുറത്തുകാണുന്ന ശിരോവസ്ത്രം നിര്‍ബന്ധം. സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ ആഭാസകരവും അശ്ലീലവുമായ വസ്ത്രം ധരിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് വസ്ത്രച്ചിട്ടകള്‍ എന്ന സര്‍വകലാശാലയുടെ വിശദീകരണത്തിനെതിരെ സൗദി ചാനലുകളും സമൂഹമാധ്യമങ്ങളും ഇതോടെ ഒരു പടയോട്ടം തന്നെ തുടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here