ലണ്ടന്‍:ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അഞ്ചു സ്ത്രീകളില്‍ ഒരാളെങ്കിലും ഓണ്‍ലൈന്‍ പീഡനത്തിന് ഇരയാകുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇവരില്‍ ഭൂരിഭാഗവും പീഡനത്തിന് ഇരയാകുന്നത്.
എട്ട് പാശ്ചാത്യരാജ്യങ്ങളിലായി 4000 സ്ത്രീകളില്‍ നടത്തിയ ആംനസ്റ്റി സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 60 ശതമാനം സത്രീകളും പങ്കുവയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടിവന്ന വംശീയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളാണ്. സ്വവര്‍ഗാനുകൂലികളെ തെരഞ്ഞാക്രമിക്കുന്ന സംഭവങ്ങളും വിരളമല്ല.

സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം സ്ത്രീകളും സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങള്‍ പോസ്റ്റ്‌ചെയ്ത സ്വകാര്യചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ അപഹരിക്കപ്പെട്ടതായി പറയുന്നു.
ഇത്തരം പീഡനാനുഭവങ്ങളുള്ള പകുതിയോളം സ്ത്രീകളും സ്വകാര്യജീവിതത്തിലും അരക്ഷിതാവസ്ഥയനുഭവിക്കുന്നെന്ന് ആംനസ്റ്റി ഗവേഷക അസ്മിന ദ്രോഡിയ പറഞ്ഞു.
ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും അവയെല്ലാം അപര്യാപ്തമാണെന്ന അഭിപ്രായവും ആംനസ്റ്റി നടത്തിയ സര്‍വേയില്‍ ഉയര്‍ന്നു.
ആവിഷ്‌കാരസ്വാതന്ത്യ്രത്തില്‍ കടന്നുകയറാതെതന്നെ ഓണ്‍ലൈന്‍ പീഡനങ്ങള്‍ ചെറുക്കാനുള്ള നിയമസംവിധാനങ്ങള്‍ ഉണ്ടാവണമെന്ന് സര്‍വേ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here