Home / ഇന്ത്യ / പദ്മാവതി വിവാദം: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണ്

പദ്മാവതി വിവാദം: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണ്

ന്യൂഡല്‍ഹി:പദ്മാവതി ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങളെല്ലാം തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണ് വച്ചാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 2018ല്‍ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലമായവിഭാഗമാണ് രജപുത്രര്‍. അത് കൊണ്ടുതന്നെ അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഏതറ്റംവരെയും പോകാന്‍ തയാറുമാണ്.ചരിത്രത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങളും ആത്മകഥാപരമായ ചലച്ചിത്ര ആഖ്യാനങ്ങളുമെല്ലാം എന്നും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിട്ടുളളത്. പദ്മാവതിയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജ കുടുംബത്തിലെ രാജ്ഞി പദ്മിനിയുടെ കഥയാണ് ചിത്രം പറയുന്നത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പൊതുവില്‍ പ്രചരിക്കുന്നത്.
വസുന്ധരാ രാജെയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ രജപുത്രര്‍ തങ്ങളോടൊപ്പം നില്‍ക്കേണ്ടത് അവരുടെ ആവശ്യവുമാണ്. അതിനായാണ് രജപുത്ര കര്‍ണിസേനയുടെ എതിര്‍പ്പുകളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതും.
അതേസമയം 2013ല്‍ അധികാരഭ്രഷ്ടരായ കോണ്‍ഗ്രസിന് തിരിച്ച് വരേണ്ടതുമുണ്ട്. അതിനും രജപുത്രരുടെ സഹായം ആവശ്യമാണ്. രജപുത്രരെ ഒപ്പം നിര്‍ത്താനുളള ഇവരുടെ പ്രീണന തന്ത്രങ്ങള്‍ തന്നെയാണ് നേതാക്കളുടെ പ്രസ്താവനകളില്‍ പ്രതിഫലിക്കുന്നതും.
ചരിത്രത്തെ വളച്ചൊടിച്ചാണ് സിനിമയൊരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ സഞ്ജയ് ലാല്‍ ബന്‍സാലിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ രജപുത്രരെയോ റാണി പദ്മിനിയെയോ അവഹേളിക്കുന്ന ഒന്നും തന്നെയില്ലെന്നാണ് സംവിധായകന്‍ വിശദീകരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതി ചാരിത്ര്യത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിച്ചിരുന്ന വനിതയാണ്. എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രണയിനിയായി അവരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് വിമര്‍ശനം.
യഥാര്‍ത്ഥത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി അവരെ തന്റെ പ്രണയിനിയായി സ്വപ്‌നത്തില്‍ ദര്‍ശിക്കുന്നതായാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുളളത്. ഇതില്‍ റാണിക്ക് യാതൊരു മനസറിവും ഉണ്ടാകുന്നില്ല. അവരുടെ ചാരിത്ര്യത്തിനോ രജപുത്രരുടെ അഭിമാനത്തിനോ ഇത് യാതൊരു ക്ഷതവും ഉണ്ടാക്കുന്നുമില്ല.
ദീപിക പദുകോണാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിങാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തുന്നു. ചിത്രം ഡിസംബര്‍ ആദ്യം എത്തുമെന്നറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് മാറ്റിയിരുന്നു.

Check Also

ഡോകാ ലാമില്‍ വീണ്ടും പടയൊരുക്കമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ …

Leave a Reply

Your email address will not be published. Required fields are marked *