തിരുവനന്തപുരം: ആഡംബരക്കാറുകളുടെ നികുതി വെട്ടിക്കാന്‍ സിനിമാ മേഖലയിലുള്ളവരും വ്യവസായികളും മറ്റും നടത്തിയ തട്ടിപ്പുകള്‍ നേരില്‍ കണ്ടു ഞെട്ടി മോട്ടോര്‍!വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്‍ഷുറന്‍സ് പോളിസി മുതല്‍ ജിഎസ്ടി റജിസ്‌ട്രേഷന്‍ വരെ ഉപയോഗിച്ചു തട്ടിപ്പുകള്‍ നടത്തിയാണു പല വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറിന് നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതിയടച്ചെങ്കിലും നടന്റെ പുതുച്ചേരിയിലെ വീടിന് ഒറ്റമുറി മാത്രം. നടി അമല പോളിന്റെ കാര്യവും വ്യത്യസ്ഥമല്ല. രജിസ്‌ട്രേഷനുള്ള രേഖകള്‍ പ്രകാരം, പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് നടി അമല പോളിന്റേത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവര്‍ പുതുച്ചേരി മോട്ടോര്‍വാഹന വകുപ്പിനു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍നിന്നു പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു കെട്ടിടയുടമ മൂന്നാം നിലയിലെ അമലയുടെ ‘അപ്പാര്‍ട്ട്‌മെന്റ്’ കാണിച്ചുകൊടുത്തു–ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസി രേഖയാണു നല്‍കിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി 860 രൂപ അടച്ചു പുതുച്ചേരി വിലാസക്കാരിയായി. തട്ടിപ്പ് നടത്തിയവരെല്ലാം ഇന്‍!ഷുറന്‍സ് പോളിസിയെയാണു കൂട്ടുപിടിക്കുക. ഒരു ലക്ഷത്തിന്റെ പോളിസി എടുത്തശേഷം ഒരു ഗഡു അടയ്ക്കും. ചരക്ക്, സേവന നികുതി റജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണു മറ്റു ചിലരുടെ തട്ടിപ്പ്.
പുതുച്ചേരി തിലാസ്‌പേട്ടിലെ തന്നെ പുതുപ്പെട്ട് സെക്കന്‍ഡ് ക്രോസ് 16ല്‍ ആണ് നടന്‍ ഫദസ് ഫാസിലിന്റെ ‘വീട്’. രണ്ടുവര്‍ഷമായി താന്‍ ഇവിടെ താമസിക്കുന്നുവെന്നാണു ഫഹദിന്റെ സത്യവാങ്മൂലം.

എന്നാല്‍, നഗറിന്റെ പേരില്ലാത്തതിനാല്‍ വീട് കണ്ടുപിടിക്കാനാകില്ലെന്നു തദ്ദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണത്തില്‍, മുരുകേശന്‍ നഗറിലും ടഗോര്‍ നഗറിലും ഈ വിലാസം കണ്ടെത്തി. മുരുകേശന്‍ നഗറിലെ വീട്ടില്‍ തദ്ദേശവാസിയായ ഫെഡറിക്കും കുടുംബവുമാണു പത്തുവര്‍!ഷമായി താമസിക്കുന്നത്. മാത്രമല്ല, ഇതേ വിലാസം ഉപയോഗിച്ചു ചങ്ങനാശേരി കളപ്പുറത്തു ഹൗസില്‍ ടോമി തോമസും കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടഗോര്‍ നഗിലെ വീട് കണ്ടെത്തിയെങ്കിലും ഫഹദിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. കോട്ടയം എംഎല്‍ റോഡിലെ കെ.ജാസ്മിനും ഈ വിലാസത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കിയ വിലാസത്തിലുള്ള വീടും പരിശോധിച്ചു. എല്ലപിള്ളൈ ചാവടി ഫീറ്റ് റോഡിലെ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റില്‍ പോയപ്പോള്‍ അത് അടഞ്ഞുകിടക്കുന്നു. സമീപത്തെ താമസക്കാരിയോടു ചോദിച്ചപ്പോള്‍ വെങ്കിടേഷ് എന്നയാളാണു വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നത് എന്നറിഞ്ഞു. സിപിഎമ്മിന്റെ ജനരക്ഷാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ കാറും വ്യാജരേഖകള്‍ നല്‍കിയാണു പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതെന്നു തെളിഞ്ഞു.
വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം മതി. ഡീലര്‍മാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാര്‍ രേഖകള്‍ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മീഷന്‍. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നല്‍കിയാല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here