വാഷിങ്ടന്‍: പ്രമുഖ അമേരിക്കന്‍ ടിവി അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകള്‍. എട്ടു സ്ത്രീകളാണു പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പിബിഎസ്, സിബിഎസ്, ബ്ലൂംബര്‍ഗ് ചാനലുകള്‍ ഇദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. ആഭാസ ഫോണ്‍ വിളി, സ്ത്രീകളുടെ മുന്നിലൂടെ നഗ്‌നമായി നടത്തം, ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. ചാര്‍ളിയുടെ കൂടെ ജോലി ചെയ്തിരുന്നവരാണ് പരാതിക്കാരില്‍ ഏറെയുമെന്നു വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിബിഎസ്, ബ്ലൂംബര്‍ഗ് ടിവി, സിബിഎസ് തുടങ്ങിയ ചാനലുകളിലെ ജനപ്രിയ അവതാരകനാണ് 75കാരനായ ചാര്‍ളി.

മൂന്നു സ്ത്രീകള്‍ പരസ്യമായി പരാതിപ്പെട്ടപ്പോള്‍ അഞ്ചുപേര്‍ പേര് വെളിപ്പെടുത്താതെയാണ് വാഷിങ്ടന്‍ പോസ്റ്റിനോടു സംസാരിച്ചത്. വാര്‍ത്തയെത്തുടര്‍ന്ന്, തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് ചാര്‍ളി പ്രസ്താവനയിറക്കി. 45 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് ഉപദേശം കൊടുക്കാനായതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞാണ് ചാര്‍ളിയുടെ പ്രസ്താവന തുടങ്ങുന്നത്.

‘തന്റെ പെരുമാറ്റത്തെക്കുറിച്ച് ഇവരില്‍ ചിലര്‍ പരാതിപ്പെട്ടിരിക്കുന്നു. മോശമായ പെരുമാറ്റരീതിയില്‍ അഗാധമായി മാപ്പു ചോദിക്കുന്നു. ചില സമയങ്ങളില്‍ ബുദ്ധിശൂന്യമായി ഇടപെട്ടതിന്റെ ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. എനിക്കു തെറ്റുപറ്റിയതായി തിരിച്ചറിയുന്നു’– ചാര്‍ളി പ്രസ്താവിച്ചു. മണിക്കൂറുകള്‍ക്കകം ചാനലുകള്‍ ‘ചാര്‍ളി റോസ്’ ഷോ സസ്‌പെന്‍ഡ് ചെയ്തു.

ചാര്‍ളി റോസ് കാലുകളിലും തുടകളിലും സ്പര്‍ശിച്ചെന്നാണ് അഞ്ച് സ്ത്രീകളുടെ പരാതി. ചാര്‍ളിയുടെ പിബിഎസ് ഷോ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ആയിരുന്ന റിയ ബ്രാവോ, അസിസ്റ്റന്റ് ആയിരുന്ന കെയ്ല്‍ ഗോഡ്‌ഫ്രെ റയാന്‍, ഷോയുടെ കോഓര്‍ഡിനേറ്റര്‍ മെഗാന്‍ ക്രേഡിറ്റ് എന്നിവരാണ് പരസ്യമായി പരാതിപ്പെട്ടവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here