സൗദി : പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായാണ് വ്യാപക പരിശോധന. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് പിടിയിലായവരുടെ എണ്ണം 51,295 ആണ്.
താമസ കേന്ദ്രങ്ങളും തൊഴിലിടങ്ങളും പരിശോധിക്കുന്നുണ്ട്. പിടിയിലായവരില്‍ കാല്‍ലക്ഷത്തോളം പേര്‍ ഇഖാമ നിയമ ലംഘനത്തിനാണ് അകത്തായത്. പത്തിനായിരത്തോളം പേര്‍ നുഴഞ്ഞുകയറ്റക്കാരും ,11,500ഓളം പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. കൃത്യമായ രേഖകള്‍ ബോധ്യപ്പെടുത്തുന്നവരെ വിട്ടയക്കും. അല്ലാത്തവര്‍ക്കെതിരെ നിയമാനുസൃതമായ ശിക്ഷാ നടപടി സ്വീകരിക്കും.

അതിര്‍ത്തി വഴി രാജ്യത്തേക്ക് നിയമ വിരുദ്ധമായി കടന്ന ഏഴായിരത്തോളം പേരും അകത്തായി. നിയമ ലംഘകര്‍ക്ക് താമസ തൊഴില്‍ സംവിധാനങ്ങള്‍ നല്‍കുന്ന സ്വദേശികളും പിടിയിലാണ്.ഇവരില്‍ ഒമ്പതു പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. മുപ്പതു പേര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

വിദേശി തടവു കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനായിരത്തോളം പേരില്‍ 976 സ്ത്രീകളുമുണ്ട്. നിയമ ലംഘകരെ തുടച്ചു നീക്കും വരെ പരിശോധന തുടരും. കാമ്പയിന്‍ വിജയം കാണും വരെ മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം. 13 മേഖലയില്‍ ആയിരത്തിലേറെ ജീവനക്കാര്‍ ഒന്നിച്ചാണ് പരിശോധന നടത്തുന്നത്. നഗരങ്ങളില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here