ലണ്ടന്‍: ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ വെടിവയ്പു നടന്നിട്ടില്ലെന്ന് പോലീസ്. ആരെയും സംശയാസ്പദമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആര്‍ക്കും പരിക്കുകളേറ്റതായി വിവരമില്ലെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് പോലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

വെള്ളിയാഴ്ച പ്രാദേശിക സമയം 4.38 ന് ആയിരുന്നു ഓക്‌സ്ഫഡ് സ്ട്രീറ്റിലും ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനിലും വെടിവയ്പുണ്ടായെന്ന് വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് പോലീസ്‌സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഏതെങ്കിലും കെട്ടിടത്തില്‍ അഭയം പ്രാപിക്കണമെന്നുമടക്കമുള്ള കര്‍ശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനും സമീപത്തുള്ള മറ്റൊരു സ്റ്റേഷനും അടച്ചിട്ടിരുന്നു. ഇവിടുത്തെ നിരത്തുകളിലൂടെയുള്ള ഗതാഗതവും നിര്‍ത്തിവച്ചു.

വെള്ളിയാഴ്ച ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിനുള്‍പ്പെടെ സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് നഗരത്തില്‍ വെടിവയ്പു നടന്നെന്ന വാര്‍ത്തകള്‍ വന്നത്. വിവരമറിഞ്ഞ ജനങ്ങള്‍ ഓക്‌സ്ഫഡ് സ്ട്രീറ്റിലൂടെ ഭയന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here