അബു ഇരിങ്ങാട്ടിരി

വൈക്കോല്‍ മേഞ്ഞ കൊച്ചു വീടായിരുന്നു. ചുമരുകളില്‍ ചുകന്നമണ്ണും നിലം നിറയെ കരിയും തേച്ച് എപ്പോഴും വൃത്തിയുള്ള വൈക്കോല്‍പ്പുര. ചാണകം മെഴുകിയ നിലം എന്ന പ്രയോഗത്തില്‍ നിന്നും വ്യത്യസ്തമായി കരിമെഴുകിയ നിലം. ഓരോ വേനല്‍ക്കാലത്തും കടം വാങ്ങിയോ കുറിക്കല്ല്യാണം നടത്തിയോ പണം സംഘടിപ്പിച്ച് വൈക്കോല്‍ വാങ്ങും. പിന്നീട്, അയല്‍ക്കാരുടെയൊക്കെ സൗകര്യം നോക്കി, നല്ല ഒരു ദിവസം പെരുന്നാളാഘോഷം പോലെയായിരുന്നു പുര മേഞ്ഞിരുന്നത്. അതൊക്കെ ഇന്നും മനസില്‍ തെളിമയോടെയുണ്ട്. പത്തുമണിക്ക് പൂളക്കിഴങ്ങ് (കപ്പ) പുഴുക്കും കട്ടന്‍ ചായയും ഉച്ചക്ക് ചക്കക്കൂട്ടാനും കഞ്ഞിയും ചമ്മന്തിയും ഉണക്കമീനുമായിരുന്നു വിഭവങ്ങള്‍. അന്നത്തെക്കാലത്ത് ഇടത്തരം വീടുകളില്‍ കിട്ടാവുന്ന ഏററവും വിലപ്പെട്ട ഭക്ഷണം ഇതൊക്കെയാണ്. അതും കഴിച്ച് വൈകുന്നേരത്തിനുമുമ്പ് അതിമനോഹരമായി വീടു മേഞ്ഞു കഴിയുമ്പോള്‍ മുതിര്‍ന്നവരുടെ മനസ്സിലും കുട്ടികളായ ഞങ്ങളുടെ ഉള്ളിലും വല്ലാത്തൊരു ആശ്വാസവും ആനന്ദവും പരക്കും. കാരണം, ഇനി മഴയെപ്പേടിക്കാതെ സുഖമായി കിടന്നുറങ്ങാം. ചില വര്‍ഷങ്ങളില്‍ വൈക്കോല്‍ വാങ്ങാന്‍ കാശൊത്തില്ലെങ്കില്‍ പുരമേയല്‍ നീണ്ടുനീണ്ടു പോകും. അത്തരം ഘട്ടങ്ങളില്‍ കുട്ടികളായ ഞങ്ങള്‍ അനുഭവിക്കുന്ന സങ്കടങ്ങള്‍ക്ക് ലോകത്ത് മറെറാന്നുകൊണ്ടും പരിഹാരം ചെയ്യാവതല്ലായിരുന്നു. രാത്രികളില്‍ ഉറക്കത്തിന്‍െറ അടരുകളിലേക്ക് നീര്‍ത്തുള്ളികള്‍ നീന്തിവരുമ്പോള്‍ ഞെട്ടിയുണര്‍ന്ന് വാവിട്ടു കരയുകയും ഉമ്മയെ പിരാകുകയും ചെയ്യുമായിരുന്നു ഞങ്ങള്‍. ആ പിരാക്കു മുഴുവനും സഹിച്ച്, അകമുറിയില്‍ തളംകെട്ടിയ മഴവെള്ളം പുറത്തേക്ക് കോരിയൊഴിക്കുകയാവും പാവം ഉമ്മ. ഓരോ വെള്ളം കോരിയൊഴിക്കലിലും ഉമ്മ ആത്മഗതം ചെയ്യും:”ന്‍െറ മക്കളൊക്കെ വലുതായിട്ട് വാണം പെര ഓട് മേയാന്‍…”

വൈക്കോല്‍ മേഞ്ഞ ഈ ചെറിയ കൂരക്കകത്തായിരുന്നു അഞ്ചു ആണ്‍ മക്കളും അഞ്ചു പെണ്‍മക്കളും ഉമ്മയും ഉപ്പയും കഴിഞ്ഞു കൂടിയിരുന്നത്. അന്തിയുറങ്ങാനൊരിടം എന്നതില്‍ക്കവിഞ്ഞ് മറെറാന്നും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല ഞങ്ങളുടെ വീടിന്. വീടകം എപ്പോഴും പട്ടിണികൊണ്ടും ദാഹം കൊണ്ടും സങ്കടങ്ങള്‍കൊണ്ടും അവഗണനകള്‍കൊണ്ടും കുററപ്പെടുത്തലുകള്‍കൊണ്ടും വിങ്ങി നിന്നു. കുട്ടികളായ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഉപദേശങ്ങളോ ശാസനകളോ അല്ലായിരുന്നു, ഒരു നേരമെങ്കിലും വയറു നിറച്ച് കുടിക്കാനുള്ള കഞ്ഞിയായിരുന്നു. അതു സമൃദ്ധമായിക്കിട്ടാന്‍ പിന്നെയും കുറേക്കാലം കഴിയേണ്ടി വന്നു. കൃത്യമായിപ്പറഞ്ഞാല്‍ ജ്യേഷ്ഠന്‍മാര്‍ ജോലിക്കു പോയിത്തുടങ്ങിയതോടെ. ഒരാള്‍ മദ്രസാധ്യാപകനായും മറെറാരാള്‍ നാട്ടില്‍ കച്ചവടക്കാരനായും വേറൊരാള്‍ നാടുവിട്ടും വീടിനെ കരകയററാന്‍ പരിശ്രമിച്ചു. അതോടെ ഭക്ഷണപ്രശ്നം ഏറെക്കുറെ പരിഹരിക്കുകയും താമസിയാതെ ഉമ്മയുടെ ആഗ്രഹം പോലെ വീട് ഓടു മേയുകയും ചെയ്തു. ഈ കാലങ്ങളിലൊക്കെയും കുടിവെള്ളം ദൂരെ നിന്നായിരുന്നു ഉമ്മയും പെങ്ങന്‍മാരും കോരിക്കൊണ്ടു വന്നിരുന്നത്. അയല്‍ക്കാരായ വാക്കയില്‍ ചെറിയ മുഹമ്മദ്ക്കയുടെ തൊടികയിലെ റോഡരികിലുള്ള കിണററില്‍നിന്നും. ഞങ്ങളുടെയും അയല്‍ക്കാരുടെയും കുളിയും അലക്കലും അവരുടെ തന്നെ തൊടിയിലെ പള്ളിക്കുളത്തിലുമായിരുന്നു. ചെറിയ ഒരു നമസ്ക്കാരപ്പള്ളിയും അതിനോടനുബന്ധിച്ച് ആരെയും മോഹിപ്പിക്കുന്ന ഒരു കുളവും. നന്‍മകള്‍ മാത്രം വാണിരുന്ന ആ കാലത്ത് ഇരുകൂട്ടര്‍ക്കും അതൊന്നും അത്ര വലിയ അസൗകര്യങ്ങളായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ വളരുന്തോറും ചെറിയ ചെറിയ പ്രശ്നങ്ങള്‍ തലപൊക്കി വരികയും കുളിക്കാനും അലക്കാനുമായി ഒന്നര കിലോമീററര്‍ ദൂരത്തുള്ള ഒലിപ്പുഴയിലേക്ക് പോകേണ്ടി വരികയും ചെയ്തു. ഞങ്ങൾ സ്കൂള്‍ വിട്ടു വന്നാലുടനെ അലക്കാനുള്ളതെല്ലാം കെട്ടിപ്പെറുക്കി ഒരു മാറാപ്പിലാക്കി ഉമ്മയും പെങ്ങന്‍മാരും മുന്നിലും ഞങ്ങള്‍ പിന്നിലുമായി കാങ്കുണ്ടിലേക്ക് പോകും. ഒലിപ്പുഴയുടെ താഴേയുള്ള ആ കടവില്‍ കുളിരും തെളിനീരും നുകര്‍ന്ന് നില്‍ക്കുന്ന മുളങ്കൂട്ടങ്ങളും കവുങ്ങുകളും കാണാന്‍ തന്നെ നല്ല രസമായിരുന്നു. പുഴയൊഴുക്കിനു താഴെ തെളിനീരഴകിലെ വെള്ളാരങ്കല്ലുകളിലും പുഴങ്കല്ലുകളിലും ഉമ്മവെച്ച്, ചെറുമീനുകളും വലിയ മീനുകളും നീന്തിത്തുടിച്ചു. നല്ല തണുപ്പുള്ള വൈകുന്നേരങ്ങളില്‍ ഉണങ്ങിയ തെങ്ങോലകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചൂട്ടു കത്തിച്ചു പിടിച്ചായിരുന്നു വീട്ടിലേക്കുള്ള മടക്കയാത്ര. അപ്പോള്‍ ഉണക്ക മീനിട്ട് തേങ്ങയരച്ചുണ്ടാക്കുന്ന പുളിഞ്ചാറിന്‍െറ രുചിയോര്‍ത്ത് തണുത്തു വിറച്ചുകൊണ്ടുതന്നെ മുന്നില്‍ ഓടി നടക്കുക പതിവായിരുന്നു. അങ്ങനെയങ്ങനെ കാലങ്ങള്‍ കഴിയവെ, സൗദി അറേബ്യയിലേക്ക് ഹജ്ജിനു പോയി അവിടെത്തങ്ങി ജോലി ചെയ്യുന്നവരുടെ എണ്ണം നാട്ടില്‍ വര്‍ധിച്ചു വരാന്‍ തുടങ്ങി. കൂട്ടത്തില്‍ ജ്യേഷ്ഠന്‍ അബ്ദുവും ഉമ്മറും കടം വാങ്ങിയും പെങ്ങന്‍മാരുടെ ആഭരണങ്ങള്‍ പണയം വെച്ചും കാശുണ്ടാക്കി ബോംബെയിലേക്ക് വണ്ടി കയറി. വീടകം പതുക്കെപ്പതുക്കെ ഉണര്‍ന്നു ഉഷാറായിത്തുടങ്ങി. മൂന്നും നാലും നേരങ്ങളില്‍ വീടിനുള്ളില്‍ രുചികളുടെ ഗന്ധം നുരയാനും പരക്കാനും തുടങ്ങി. കാലങ്ങളായി കാണാത്ത ഇറച്ചിയുടെയും മീനിന്‍േറയും പുതുസാന്നിധ്യം അടുക്കള ആവോളം ആസ്വദിച്ചു. സത്യത്തില്‍, ഞങ്ങളെസ്സംബന്ധിച്ചിടത്തോളം ആ മണം മാത്രം മതിയായിരുന്നു ഒരു പാത്രം ചോറു തിന്നാന്‍. എന്നാല്‍, വെള്ളപ്രശ്നത്തെപ്പററിയോ അത് പരിഹരിക്കുന്നതിനെക്കുറിച്ചോ വീട്ടിലാരും ഒന്നും പറയുകയോ ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍മാന്‍ അതു പരിഹരിക്കാനായി മുന്നിട്ടിറങ്ങുകയോ ചെയ്തില്ല. പാറക്കൂട്ടങ്ങളുടെ മാത്രം ഇടമായ തൊടിയില്‍ കിണര്‍ കുഴിച്ചിട്ടു കാര്യമില്ല എന്ന അറിവാകാം ഒരു പക്ഷെ, അതിനു കാരണം. കുഴല്‍ക്കിണര്‍ എന്ന ആശയം പിന്നെയും എത്രയോ കഴിഞ്ഞാണല്ലോ നാട്ടിന്‍പുറങ്ങളിലെത്തുന്നത്.

പത്താം തരവും ഒരു വര്‍ഷത്തെ പള്ളിയിലോത്തും കഴിഞ്ഞ് കോളേജില്‍ പോകാന്‍ തുടങ്ങിയതോടെ രാവിലെത്തെ കുളി എന്നെസ്സംബന്ധിച്ച് ഒരു പ്രശ്നമായി. വളരെ നേരത്തെ എഴുന്നേററ് പോയി അധികമാരും കാണാതെ പള്ളിക്കുളത്തില്‍ കുളിച്ചു പോരുക പതിവായി. ശനിയും ഞായറും ഒലിപ്പുഴയില്‍ പോയി തിരുമ്പിക്കുളിയും. ഇങ്ങനെയൊക്കെ പഠനകാലം ഉന്തിയും തള്ളിയും നീങ്ങിക്കൊണ്ടിരുന്നുവെങ്കിലും വീട്ടിനുള്ളിലെത്തിയാല്‍ ഒരു സമാധാനവും ഇല്ലായിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാവാം കോളേജുകാലത്തു കിട്ടിയ പ്രിയപ്പെട്ട സുഹൃത്തുക്കളായ അലനെല്ലൂരിലെ ഹമീദ് ആക്കാടന്‍െറയും എടത്തനാട്ടുകരയിലെ ഗഫൂര്‍ ഷായുടെയും വീടുകളിലെ നിത്യ സന്ദര്‍ശകന്‍ മാത്രമല്ല, ഒരംഗത്തെപ്പോലെയായി ഞാന്‍. ശനിയും ഞായറും അല്ലാത്ത ദിവസങ്ങളിലും അതിഥിയായി. അവരുടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. കഥയെഴുതുകയും കഥപറയുകയും ചെയ്യുന്ന ഒരാള്‍ എന്ന പരിഗണന. ഒരു ദിവസം വീട്ടില്‍ വരാതെ എങ്ങനെ കഴിയാം എന്നതായിരുന്നു അന്നൊക്കെ എന്‍െറ ചിന്ത. അത് കുറെയൊക്കെ വിജയിക്കുകയും ചെയ്തു. ബിരുദപഠനം കഴിയാറാവുമ്പോഴാണ് തറവാടു വീട്ടില്‍ നിന്നും ഒന്നര കിലോമീറററെങ്കിലും ദൂരത്തുള്ള വീട്ടിക്കുന്ന് എന്ന സ്ഥലത്ത് ജ്യേഷ്ഠന്‍ ഉമ്മര്‍ ഒരു വീടും സ്ഥലവും വാങ്ങുന്നത്. അതോടെ, വെള്ള സൗകര്യം കണക്കിലെടുത്ത് ഞങ്ങളെല്ലാവരും പുതിയ വീട്ടിലേക്ക് കൂട്ടത്തോടെ താമസം മാററി. എന്നാല്‍, ഉമ്മയും ഉപ്പയും പാറക്കൂട്ടങ്ങള്‍ക്കിടിയിലെ, വെള്ളമില്ലാത്ത ആ വീട്ടില്‍ തന്നെ തങ്ങി.

വീട്ടിക്കുന്നത്തെ താമസകാലം ബഹുരസമായിരുന്നു. വീട്ടിലെത്താനും അവിടെയിരിക്കാനും എഴുതാനും വായിക്കാനുമൊക്കെ താല്‍പ്പര്യം കൂടിക്കൂടി വന്നു. അങ്ങനെ രണ്ടാം വീടായി വീട്ടിക്കുന്നത്തെ ജ്യേഷ്ഠഭവനം. കുളിക്കാനും കുടിക്കാനുമുള്ള വെള്ളവും ഭക്ഷണവും സമൃദ്ധിയോടെ അനുഭവിച്ച കാലം കൂടിയായിരുന്നു ആ വീട്ടിലെ താമസം. അക്കാലത്തു തന്നെയായിരുന്നു വിവാദമായ “ചേറുമ്പിലെ കാക്കള്‍” എഴുതിയത്. അതുകൊണ്ട് ഇരിങ്ങാട്ടിരിയിലേക്ക് പേകാന്‍ പിന്നീട് വലിയ താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടു മൂന്നു വര്‍ഷം വായിച്ചും എഴുതിയും സിനിമ കണ്ടും ആനന്ദിച്ചു ജീവിച്ചു പോരുന്നതിനിടയിലാണ് അതിലും കുറച്ചുകൂടി സൗകര്യമുള്ള പുതിയ വീടുമായി മൂത്ത ജ്യേഷ്ഠന്‍ അബ്ദു, തറവാടു വീടു നില്‍ക്കുന്ന ഇരിങ്ങാട്ടിരിയില്‍ നിന്നും രണ്ടര കിലോമീററര്‍ അകലെ പൊടുവണ്ണി എന്ന സ്ഥലത്ത് താമസം തുടങ്ങുന്നത്. എന്നെയും അനുജന്‍ ഉസ്മാനേയും അബ്ദുക്കാക്കുവും സൗദേടത്തിയും സ്നേഹത്തോടെ അങ്ങോട്ടു ക്ഷണിച്ചു. സുഖത്തിന്‍െറ പിന്നാലെ പോകാന്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ അവരോടൊപ്പം കൂടി. ഞങ്ങളെപ്പോലെ അവര്‍ക്കും അത് ഏറെ ഗുണകരവും ആശ്വാസവുമായിരുന്നു. ആയിടക്കു തന്നെയാണ് എനിക്ക് കോഴിക്കോട്ട് മാധ്യമം ദിനപ്പത്രത്തില്‍ സബ്ബ് എഡിററര്‍ ട്രെയിനിയായി ജോലി കിട്ടുന്നത്. അതുപോലെ പൊടുവണ്ണിയിലെ ആ വീട്ടില്‍ വെച്ചാണ് എന്‍െറയും ഉസ്മാന്‍െറയും കല്ല്യാണങ്ങള്‍ നടക്കുന്നതും. ചുരുക്കത്തില്‍ തറവാടു വീടുപോലെ ഞങ്ങള്‍ ആ വീടിനെ കരുതുകയും സ്നേഹിക്കുകയും ചെയ്തു. രണ്ടു വര്‍ഷക്കാലം ഞങ്ങള്‍ സസന്തോഷം പൊടുവണ്ണിയില്‍ തന്നെ കഴിഞ്ഞു. പിന്നീട്, തറവാട്ടിലെ കഷ്ടപ്പാടുകളിലേക്കു തന്നെ വീണ്ടും തിരിച്ചു വരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.

ഉപ്പ പറഞ്ഞു: “തളപ്പററാ ആരും ചുവട്ടിലെത്തും ന്ന് ഇപ്പൊ മനസിലായില്ലേ അനക്ക്?”

അവിടെ ഉമ്മയും ഉപ്പയും വിധവയായ മാളുവും അന്ധയായ കുഞ്ഞിപ്പെണ്ണ് എന്ന് വിളിക്കുന്ന ആമിനയും നരകിച്ചു കഴിയുകയാണ്. പഴയ പട്ടിണിക്കാലം വീണ്ടും തിരിച്ചു വന്ന അവസ്ഥ. വീട്ടു ചെലവു നടത്താന്‍ ആളില്ല. ഉപ്പയുടെ കയ്യിലാവട്ടെ കാശുമുണ്ടായിരുന്നില്ല. ജ്യേഷ്ഠന്‍മാര്‍ അവരവരുടെ കുടുംബം നോക്കി. ചുരുക്കത്തില്‍ തറവാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലാത്ത ആ ഇടത്തിലേക്കാണ് ഞങ്ങള്‍ മടങ്ങിയെത്തുന്നത്.
പത്രത്തില്‍ നിന്നും കിട്ടുന്ന മൂവായിരം രൂപ കൊണ്ട് എന്‍െറ യാത്രയും പുസ്തകങ്ങള്‍ വാങ്ങലും മററും കഴിഞ്ഞു പോകുമെന്നല്ലാതെ, വീട്ടു ചെലവു കൂടി നടത്തിപ്പോവുക വലിയ ദുര്‍ഘടം പിടിച്ച സംഗതിയായിരുന്നു. ഇങ്ങനെയുള്ള ഒരുതരം ജീവിതം തുടരാനേ ജോലി കൊണ്ടു കഴിയുകയുള്ളൂ. ഇതു തിരിച്ചറിഞ്ഞതോടെയാണ് ഞാന്‍ വീടു വിട്ടിറങ്ങിപ്പോകാന്‍ തീരുമാനിച്ചത്. തറവാട് വീട്ടില്‍ എത്ര കാലം വേണമെങ്കിലും ജീവിക്കാം. എന്നാല്‍, അവിടെ ഇനി ജീവിക്കണമെങ്കില്‍ ചെറിയ തോതിലെങ്കിലും വീടു നന്നാക്കണം, കുഴല്‍ക്കിണര്‍ കുഴിക്കണം, കക്കൂസും കുളിമുറിയും ഉണ്ടാക്കണം. മുമ്പത്തെ കാലമല്ല ഇപ്പോള്‍. ഒററക്കുമല്ല, ഭാര്യയും ഒരു കുഞ്ഞും കൂടെയുണ്ടുതാനും. നാട് ഗള്‍ഫു പണം കൊണ്ടു സമ്പന്നമായിക്കൊണ്ടിരിക്കുകയുമാണ്. പത്രപ്രവര്‍ത്തനം കൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു കാലത്തും നടക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെയാണ്, വീടു വിട്ടിറങ്ങിപ്പോകാന്‍ തീരുമാനമെടുക്കുന്നതും ജ്യേഷ്ഠനോടു പല തവണ കത്തെഴുതി വിസ സംഘടിപ്പിക്കുന്നതും. വിസ കിട്ടിയ ആ ദിവസം തന്നെ രാജിക്കത്തും കൊടുത്ത് ഞാന്‍ കോഴിക്കോട് വിട്ടു. പിന്നീട് നേരെ ജിദ്ദയിലെത്തി. കുറച്ചു കാലം ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നെ കാര്യങ്ങളെല്ലാം ശരിയായി വന്നു. നല്ല ജോലിയും ശമ്പളവും. തികച്ചും സ്വപ്നം കാണാന്‍ പററിയ സന്ദര്‍ഭം എന്നു തന്നെ പറയാം. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ തറവാട്ടില്‍ ആദ്യമൊരു കക്കൂസും കുളിമുറിയുമുണ്ടാക്കി. വെള്ളത്തിനായി കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു മുമ്പ് ഞങ്ങളുടെ പാറത്തൊടികയുടെ പിറകിലുള്ള കവുങ്ങിന്‍ തോട്ടത്തില്‍ ചെറിയ കിണര്‍ കുഴിക്കാനോ, ഒരു സെന്‍റ് സ്ഥലമോ വിലക്കു തരുമോ എന്ന് സ്നേഹത്തോടെ നാട്ടിലെ വലിയ ധനികനായ കെ സി വാപ്പുവിനോട് ചോദിച്ചു. അദ്ദേഹം മക്കളോടും മരുമക്കളോടും അന്വേഷിക്കണമെന്നു പറഞ്ഞു കൈ ഒഴിഞ്ഞു. അവസാനം, കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് തെല്ലപ്പുറമുള്ള സ്ഥലാവകാശി വാക്കയില്‍ മാനുവിനോട് ജ്യേഷ്ഠന്‍ ഉമ്മര്‍ വിഷയം അവതരിപ്പിച്ചു. ഉമ്മയോടും ഉപ്പയോടും ഏറെ സ്നേഹമുള്ള അദ്ദേഹം യാതൊരു മടിയും കൂടാതെ സമ്മതിക്കുക മാത്രമല്ല, ഒരു പൈസയും ഈടാക്കുകയും ചെയ്തില്ല. പകരം, കിണര്‍ നിങ്ങളുടെ ചിലവില്‍ കുഴിച്ചാല്‍ മാത്രം മതി എന്നു പറഞ്ഞു. അതെ, ആ ദിവസമായിരിക്കാം, ഞങ്ങളുടെ തറവാട്ടു വീട്ടില്‍ ആദ്യമായി ഒരു സ്നേഹക്കുളിരുറവ പൊട്ടിയൊഴുകിയത്. പിറേറ ദിവസം തന്നെ കിണര്‍ കുത്തി വെള്ളം കാണുകയും ചെയ്തു. ചുരുക്കത്തില്‍ രണ്ടാമത്തെ ദിവസം മോട്ടോറും പൈപ്പും കൊണ്ടു വന്ന് ഫിററ് ചെയ്യിപ്പിച്ചു. അങ്ങനെ, എത്രയോ വര്‍ഷങ്ങളായി വെള്ളത്തിനു കുടവുമെടുത്തു പോയിരുന്ന ദുരിതത്തിന് അവസാനമായി. വീട്ടില്‍ ആദ്യമായി ശുദ്ധജലമെത്തി. കാലങ്ങളായി ഞങ്ങള്‍ അനുഭവിച്ചിരുന്ന വെള്ളത്തിന്‍െറ പ്രയാസം അങ്ങനെ ദുരീകരിച്ചു. ഞാന്‍ വീടു വിട്ടിറങ്ങിയതിന്‍െറ ആദ്യത്തെ ഫലം. എന്‍െറ പെണ്ണ് റൈമയുടെ നിരന്തരമായ ആവശ്യത്തിന്‍െറയും തേട്ടത്തിന്‍െറയും ആഗ്രഹത്തിന്‍െറയും ഫലം. ഉമ്മയും ഉപ്പയും മറെറല്ലാവരും ഹാപ്പിയായി. നാട്ടില്‍ ചെറു ജോലി ചെയ്തു ജീവിക്കുന്ന അനുജനും ഭാര്യയും സന്തോഷത്തിലായി. കാരണം, ആര്‍ക്കും യാതൊരു ചിലവുമില്ലാതെയാണ് സ്വപ്നം സഫലമായിരിക്കുന്നത്. നാടുവിട്ടിറങ്ങിപ്പോയവന്‍െറ കടമയാണിതെല്ലാം എന്ന ധാരണ എല്ലാവര്‍ക്കും. എന്നാലും വീടിനകം മററു പലതുകൊണ്ടും അസുഖകരമായി. അതിനാല്‍ അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍, റൈമ കണ്ണീരോടെ മാറില്‍ ചാരി വിതുമ്പി: “ഇനി നിങ്ങള്‍ വരുന്നതിനു മുമ്പ് നമുക്ക് സ്വന്തമായി ഒരു വീടു വേണം. അതുണ്ടാക്കിയിട്ട് വന്നാ മതി..”

ആ മോഹവുമായി ഇറങ്ങിപ്പോന്ന്, കൃത്യം ഒന്നര വര്‍ഷമായപ്പോള്‍ ദൈെവത്തിന്‍െറ അപാരമായ അനുഗ്രഹത്താല്‍ ഞങ്ങളുടെ സ്വപ്നത്തിലുണ്ടായിരുന്ന അതേ കൊച്ചുപുരയും വളപ്പും ഞങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. അമ്പത്തി മൂന്നു സെന്‍റ് സ്ഥലവും വീടും. അഞ്ചര ലക്ഷം രൂപ. അക്കാലത്ത് ആ സംഖ്യ ഒരു ഭീമന്‍ തുക തന്നെയായിരുന്നുവെങ്കിലും വലിയ ഞെരുക്കങ്ങളൊന്നുമില്ലാതെ അതുണ്ടാക്കാന്‍ കഴിഞ്ഞു. സ്വന്തമായി ഒരു വീടും യഥേഷ്ടം വെള്ളമുള്ള കിണറും തൊടികയില്‍ ഒന്നാന്തരം ഒരു കുളവും. ഇതില്‍പ്പരം ഇനിയെന്തു വേണം? വീടു വിട്ടിറങ്ങിപ്പോയതിന്‍െറ രണ്ടാമത്തെ ഫലം. ഞാനും റൈമയും ഒരു പക്ഷെ, ആ വീട്ടില്‍ താമസം തുടങ്ങിയതിനു ശേഷമായിരിക്കാം ആഹ്ലാദവും മനസ്സമാധാനവും എന്താണെന്ന് അറിഞ്ഞിരിക്കുക. ഈ നാലാം വീട് ഞങ്ങളെ സ്നേഹത്തോടെ ആശ്ലേഷിച്ചു. അതെ, ഞാന്‍ നാടു വിട്ടത് ഇതിനു വേണ്ടിത്തന്നെയാണ്. ഒരു വീട്. മുററത്ത് ധരാളം തെളിവെള്ളമുള്ള കിണര്‍. വീട്ടില്‍ മനസമാധാനം. ഇതു മൂന്നും ശരിയായാല്‍ ബാക്കിയൊക്കെ വീട്ടിലേക്ക് പതുക്കെപ്പതുക്കെ കടന്നു വരും. ഞങ്ങളങ്ങനെ വിശ്വസിച്ചു. അതു നേരായിരുന്നു, ഈ നാലാം വീട്ടിലെത്തിയശേഷമാണ് ദൈവം ഞങ്ങളെ അനുഗ്രഹങ്ങള്‍ കൊണ്ട് ഏറെ സന്തോഷിപ്പിച്ചത്. 
നീണ്ട പതിനാലു കൊല്ലക്കാലം ആര്‍ഭാടമായി ഞങ്ങള്‍ ആ വീട്ടില്‍ ജീവിച്ചു. അതിനിടയില്‍ രണ്ടു മക്കള്‍ കൂടി ജനിക്കുകയും പുതിയ കാലത്തിന്‍െറ ചില സാമഗ്രികള്‍ നിര്‍ബന്ധമായും വീട്ടില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. അതോടെ കൊച്ചുപുരയുടെ വലുപ്പം പോരെന്ന് തോന്നിത്തുടങ്ങി. റൈമക്കും മൂത്തമകന്‍ അജ്മല്‍ റിക്കാബിനും അത് പൊളിച്ചു പണിയണമെന്ന അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം, ഞങ്ങള്‍ ആദ്യമായി വാങ്ങി താമസം തുടങ്ങിയ വീടാണത്. അത്തരമൊരു ഇഷ്ടം എല്ലാവര്‍ക്കും ആ കൊച്ചു പുരയോടുണ്ട്. എന്നിട്ടും, ഒരു നാള്‍ എനിക്കൊരു തോന്നലുണ്ടായി. കുറച്ചു കൂടി സൗകര്യങ്ങളുള്ള ഒരു വീടുണ്ടാക്കണം. ഭാഗ്യമുണ്ടെങ്കില്‍ ആ വീട്ടിലും കുറച്ചുകാലം സുഖമായി കഴിയാം. ഇപ്പോഴാണ് ആ അവസരം. ഞാനതങ്ങ് തീരുമാനിക്കുകയും അജ്മല്‍ റിക്കാബിനോടും റൈമയോടും പറയുകയും ചെയ്തു. എന്നാല്‍ രണ്ടു പേരും പുതിയ പുര വേണ്ടെന്ന പക്ഷക്കാരായിരുന്നു. എനിക്ക് വിയോജിപ്പുണ്ടായിരുന്നില്ല. കയ്യില്‍ കാശുണ്ടെങ്കിലും നിത്യവരുമാനത്തിനായി മറെറന്തെങ്കിലും വാങ്ങിയാലും വീടു വെച്ചാലും എല്ലാം മക്കള്‍ക്കുള്ളതാണ്. മാത്രവുമല്ല, ഞാന്‍ ഏററവും കൂടുതല്‍ വിഷമിച്ചിട്ടുള്ളതും കഷ്ടപ്പെട്ടിട്ടുള്ളതും വീടിനു വേണ്ടിയാണ്. വീട് എന്നാല്‍ താമസിക്കാനൊരിടം എന്നു മാത്രമല്ല അര്‍ഥം. അതൊരു ശാന്തിയും അഭയവുമാണ്. ഒരാള്‍ക്കല്ല, ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും. അതുകൊണ്ട് ഉള്ള വീടിനേക്കാള്‍ ഇത്തിരി കൂടി വലുതും ആധുനികവുമായ ഒരു വീടാണ് ഇനി വേണ്ടത്. മക്കള്‍ എന്നെപ്പോലെ വീടില്ലാത്ത ദു:ഖം അനുഭവിക്കരുത്. വിവാഹിതരാവാന്‍ നേരം വീടു തേടി ഓടി നടക്കരുത്. സ്വന്തമായി വീടുണ്ടാവുന്നതുവരെ അവരുടെ ഭാര്യമാര്‍ക്ക് സ്വസ്ഥമായി ഈ വീട്ടില്‍ത്തന്നെ താമസിക്കാന്‍ കഴിയണം. അതിനാല്‍ ഇപ്പോള്‍ അത്യാവശ്യം നല്ലൊരു വീടാണ്. എന്‍െറ കുട്ടിക്കാല-കൗമാര-യൗവ്വനാനുഭവങ്ങൾ മക്കള്‍ക്കില്ലാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്. ഇങ്ങനെ ഞാനെന്‍െറ നിലപാട് വിസ്തരിച്ചു പറഞ്ഞുതോടെ രണ്ടു പേരും സമ്മതിച്ചു.

ദൈവത്തിന്‍െറ അനുഗ്രഹമെന്നുതന്നെ പറയാം, പഴയ വീട് അവിടെ നിര്‍ത്തിക്കൊണ്ടു തന്നെ മൂന്നുവര്‍ഷം കൊണ്ട് ഞങ്ങള്‍ പുതിയ ഭവനം “കാവില്‍ക്കുത്ത് വീട്” അതേ വളപ്പില്‍ത്തന്നെ ഉണ്ടാക്കി. ഇപ്പോള്‍ അഞ്ചു വർഷമായി ഞങ്ങള്‍ ആ പുതിയ വീട്ടിലാണ് താമസം. കൃത്യമായിപ്പറഞ്ഞാല്‍ അഞ്ചാമത്തെ വീട്.

സത്യം, ഞാന്‍ നാടും വീടും വിട്ടതും ഇതുവരെ ജീവിച്ചതും ഇതിനു വേണ്ടിത്തന്നെയാണ്.. അല്ലെങ്കിലും ഒരാളും വെറുതെ നാടും വീടും വിട്ടിറങ്ങിപ്പോകുന്നില്ലല്ലോ?

 

LEAVE A REPLY

Please enter your comment!
Please enter your name here