പ്രവാഹിനി 

ഇടങ്ങൾ
———
എവിടെയെല്ലാമോ ഇടങ്ങൾ നഷ്ടപ്പെട്ടവർ,ഒരേതൂവൽപ്പക്ഷികൾ,വന്നണയുന്ന ഇടമാണ് തൃശ്ശൂർ സാഹിത്യ അക്കാദമി .കാണണമെന്നാഗ്രഹിക്കുന്നവർ,ഓരോ തവണയും ഒത്തുചേരുന്നയിടം.കണ്ണുനിറയെ കാണുന്നു!
ഹൃദയംകൊണ്ട് കേൾക്കുന്നു!ചേർത്തണയ്ക്കുന്നു!
വാത്സല്യപൂർവ്വം സ്പർശിക്കുന്നു!
ഉമ്മവെയ്ക്കുന്നു !(ഈ ഭാഗം വായിക്കുമ്പോൾ സത്യസദാചാരികൾക്ക് താത്ക്കാലികാന്ധത വരട്ടെ!)

ആർക്കൊക്കെയോ ഇടമുണ്ടാക്കാനുള്ള പക്ഷിക്കൂട്ടം ഒത്തുചേർന്നു പാടുന്നുണ്ട്. യൗവനകാലം വസന്തകാലമാക്കുന്നുണ്ട്!
തലച്ചോറിൽ ഭ്രമാത്മക കവിതയുണർത്തുന്ന ചുരുളുകളും പാനംചെയ്ത ദ്രവ്യശീലുകളും കാറ്റിൽ പരക്കുന്നുണ്ട്!

കൊടുക്കൽ- വാങ്ങൽ
—————————–
ഇന്നലെഒരുപാട് കൊടുക്കുകയും വാങ്ങുകയുമുണ്ടായി.

കൊടുക്കുമ്പോൾ കടലളവും വാങ്ങുമ്പോൾ കുമ്പിൾ അളവും നല്ലത്!
പിശുക്കില്ലാതെ കൊടുക്കാനാവുന്നതുകൊണ്ട്,എൻറെ കുമ്പിളൊരു കടലെന്നറിയാതെ ഒഴുകിയ കടലുകൾ വറ്റിപ്പോയിട്ടുമുണ്ട്!
————-
ചിലയിഷ്ടങ്ങൾ
———
ചിരിക്കാനും കരയാനും!
കണ്ണുനോക്കാനും വായനോക്കാനും!
കാണാനും കേൾക്കാനും!
മധുരം കൊടുക്കാനും
മധുരമാവാനും !(എന്നെ മറന്നാലും മധുരസഞ്ചിയേന്തിയ മുത്തശ്ശനെ….)
———————-
തനതായിരിക്കുമ്പോൾ
—————
അപ്രിയസത്യങ്ങൾ പറഞ്ഞുപോകും!
അവനവനെ മറന്നു സംസാരിക്കുമ്പോൾ മറ്റുള്ളവരെ മറക്കരുത്!
കലാകാരന്മാർക്ക് കലയെന്ന ലഹരി മാത്രം മതി!
അക്കാദമി പരിസരം വൃത്തിഹീനമാണ്!
അവിടെ വരുന്നവർ ഏറ്റവും ശുദ്ധിയോടെ വരിക!
അവരവർക്ക് വേണ്ടതും വേണ്ടാത്തതും അക്കാദമിക്ക് ആവശ്യമുള്ളതല്ലെങ്കിൽ തിരികെ കൊണ്ടുപോവുക!
അക്കാദമിയെ സ്നേഹിക്കുന്നവരുടെ കൈയിൽ അതിനെ പരിപാലിക്കാൻ ഏല്പിക്കുക!
നിർമ്മിച്ചപ്പോൾ അതെത്ര സുന്ദരമായിരുന്നുവോ അതിനേക്കാൾ ഭംഗിയായി സൂക്ഷിക്കുക!
———————-
വചനങ്ങൾ
—————–
അറിവുള്ളവർ അറിയാതെ പറയുന്നതും 
വിഡ്ഢികൾ (എന്നെപ്പോലെയുള്ളവർ ) അറിഞ്ഞുകൊണ്ട് പറയുന്നതുമാണ് സത്യങ്ങൾ !!

തനതായിരിക്കുക എന്നതിനോളം പ്രധാനമാണ് ആരോഗ്യം !(തല്ലുകൊള്ളാതിരിക്കേണ്ടത് അവനവൻ കടമ(മ്പ)!!

തനത് ചിന്തകൾ 
————————–

ആളുകളുടെ കണ്ണുകൾക്കെന്തു ഭംഗിയാണ്!ഹൃദയം ഒളിപ്പിച്ചത് കണ്ണുകൾ കാണുന്നു. പറയുന്നു.(സത്യം ആവുംന്ന് കരുതിയിരിക്ക്യാണ്)
”ഈ സാരി നല്ല ഭംഗിണ്ട് ”
”സുന്ദരിയാണ് ട്ടോ”
”നല്ല ചിരി”
”ആശംസപ്രസംഗാധികപ്രസംഗം വളരെ നന്നായി ട്ടോ”
എന്നൊക്കെ പറയുമ്പോൾ ,സത്യത്തിൽ ഞാനാള് കൊള്ളാലോന്നൊരു ഹുങ്ക് മനസ്സിലെങ്കിലും തോന്നേണ്ടതുകൊണ്ടും അതൊരു പെൺജീനിൻറെ ആധിപത്യമായതുകൊണ്ടും ഞാനിന്നലെ മുതൽ ലേശം ‘ഹുങ്കാധീന’യായിരിക്കുന്നു!
അതിനെയൊക്കെ മറികടക്കുന്ന കൊയ്ത്തുത്സവം തന്നെ ആയിരുന്നു ഇന്നലെ!സ്നേഹക്കൊയ്ത്ത് !
റോഡിലുടനീളമുള്ള വറ്റിയ താമരക്കുളങ്ങളിലൂടെയുള്ള രസികൻ ഡ്രൈവൊരുക്കി സാരഥി അംജുക്കുട്ടനെന്ന ഉണ്ണിക്കുട്ടനും ഗോളഗോളാന്തര വിജ്ഞാനകോശം mukesh ഉം മണിക്കൂറുകളുടെ യാത്ര മടുപ്പിച്ചതേയില്ല!
——————-

 

LEAVE A REPLY

Please enter your comment!
Please enter your name here