ന്യൂഡല്‍ഹി: രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിർത്തിയ മുംബൈ ഭീകരാക്രമണത്തിന് ഒൻപത് വയസ് തികയുന്ന ഇന്ന് മന്‍ കി ബാത്തിലൂടെ പ്രധാന മന്ത്രി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഇന്ത്യയുടെ വികസനത്തിനായി കര്‍ഷകര്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി പരാമർശിച്ചു.‘ഇന്ന് ഭരണഘടനാ ദിനമാണ്. ഭരണ ഘടനാ നിര്‍മ്മാണത്തില്‍ ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവന നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അദ്ദേഹത്തെ നമ്മള്‍ സ്മരിക്കണം. എന്നാൽ ഒൻപത് വർഷം മുൻപ് 2008 നവംബർ 26ന് പത്ത് ലഷ്കർ ഭീകരർ ചേർന്ന് രാജ്യത്തിന്റെ അഭിമാനമായ മുംബൈ നഗരത്തെ രക്തക്കളമാക്കി മാറ്റിയത് ആരും മറന്നു കൂടാ. പൗരന്‍മാരും ധീര ജവാന്‍മാരും രാജ്യത്തിനായി നടത്തിയ ത്യാഗവും നാം മറക്കരുതെന്ന്‌’ മോദി വ്യക്തമാക്കി.

നാല് പതിറ്റാണ്ടായി ഭീകരവാദം ലോകത്തെ നശിപ്പിക്കുമെന്ന് ഇന്ത്യ ലോകത്തോട് പറയുകയുണ്ടായിരുന്നു. എന്നാൽ ആഗോളതലത്തിൽ ഇന്ത്യയെ ആരും പരിഗണിച്ചില്ല. ഇന്ന് ലോകം ഭീകരവാദത്തിന്റെ എല്ലാ വശങ്ങളും മനസിലാക്കി തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ഇന്ത്യ ബുദ്ധന്റെയും മഹാവീരന്റെയും ഗുരുനാനാക്കിന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്. നമ്മള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരാണ്. തീവ്രവാദം മനുഷ്യകുലത്തിനു തന്നെ ഭീഷണിയാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here