Home / Uncategorized / രണ്ട് കാൽശരായികൾ (കവിത )

രണ്ട് കാൽശരായികൾ (കവിത )

സദൻ തോപ്പിൽ

എന്നെ മാറിമാറി സേവിച്ച,
രണ്ട് മുറിയുറക്കഷ്ണങ്ങൾ.
രണ്ടേരണ്ടു നിറങ്ങൾകൊണ്ട്,
തുടരെ രണ്ടദ്ധ്യയനവർഷങ്ങൾ
തുടവരെ മാത്രം നാണം മറച്ച്… മരബെഞ്ചുകളിൽ നിരങ്ങിയവ.
ചെമപ്പും,നീലയും
വിധി തുടരാൻ അഴക്കയറിൽ
ദിനംപ്രതി മാറി മാറിതൂങ്ങിയ
രണ്ട് സിഗ്നൽ സൂചകങ്ങൾ.
ഈറൻമണം വിട്ടുമാറാതെ,
നരച്ചു നാടോടിയ തുണിയുറകൾ.
പൊട്ടിയ കുടുക്കും,
പിന്നിത്തുടങ്ങിയ മൂടും,
അടികൊണ്ട വടുക്കളും
മുള്ളുവേലികൾക്കിടയിലൂടെ
ഗിയറ് മാറ്റിയോടുമ്പോൾ,
ശരവേഗങ്ങൾക്ക് ചെമപ്പ് നിറം!
കുന്നിക്കുരുക്കളെണ്ണുമ്പോൾ,
മന്ദാരപ്പൂക്കളിൽ വട്ടമിട്ട
ഇരട്ടമൈനകളെ കണ്ട ആശ്വാസം.
ഇരു പോക്കറ്റിലുമകപ്പെട്ടത്
ഞെട്ടിയുടഞ്ഞ കണ്ണിമാങ്ങകൾ
ചുണയുറ്റുന്ന തുടകളിലേക്ക്
ചുഴിഞ്ഞു നോക്കിയവരുടെ
വെറിപൂണ്ട കണ്ണുകൾക്ക് നീലനിറം!
ഉടുമുണ്ട് വലിച്ചുചുറ്റി
വലിയവനാകാൻ കൊതിച്ചപ്പോൾ
അടിമറയിലേക്ക് തരംതാഴ്ത്തപ്പെട്ട
രണ്ടു നിറങ്ങൾ
പിന്നീട് പുകമറയോരത്ത്
വെന്തു തൂകിയ ഒരു കലത്തിൽനിന്ന്
ചുട്ടുപൊള്ളുന്ന പലനോട്ടങ്ങളാൽ
കരിഞ്ഞ് കുടഞ്ഞെറിയപ്പെട്ട
രണ്ട് കൈക്കലത്തുണികൾ!

Check Also

കേന്ദ്ര സര്‍ക്കാര്‍ പദവിയില്‍ കേരളത്തിലെ ലോക ജനശക്തി നേതാവ് രമാ ജോർജ്

ന്യൂഡല്‍ഹി: കേന്ദ്ര പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ബി.ഡി.ജെ.എസിന് വന്‍ പ്രഹരമേല്‍പ്പിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലേക്ക് …

Leave a Reply

Your email address will not be published. Required fields are marked *